കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.വരവിനേക്കാൾ കൂടുതൽ ചെലവു വരുന്നതാണു കെഎസ്ആർടിസിയിലെ പ്രതിസന്ധിക്കു കാരണമെന്നും കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലന്നും അദേഹം വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി.

കെഎസ്ആര്‍ടിസി ഗൗരവമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഒരു മാസത്തെ പെന്‍ഷന്‍ തുക മുഴുവനായി നല്‍കാന്‍ വേണ്ടിവരുന്ന തുക 60 കോടി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയതു പെന്‍ഷന്‍കാരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത മൂലമാണ്.

എല്ലാവര്‍ക്കും പെന്‍ഷന്‍ കൃത്യസമയത്തു നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. മാസംതോറും കുടിശ്ശികയില്ലാതെ കെഎസ്ആര്‍ടിസി മുഖേനതന്നെ പെന്‍ഷന്‍ നല്‍കുന്നതു സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ഇതിനെക്കാളും രൂക്ഷമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടിസി വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍ എത്താത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി.

കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു രക്ഷിക്കുന്നതിനുള്ള ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ ഈ സർക്കാർ സ്വീകരിച്ചുവരികയാണ്. വരുമാന വർധനയ്ക്കും കാര്യക്ഷമായ പ്രവര്‍ത്തനത്തിനും യോജിക്കുന്ന വിധത്തിൽ ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുകയും ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുകയും ചെയ്തെന്നും പിണറായി കൂട്ടിച്ചേർത്തു. കെഎസ്ആർടിസി പെൻഷൻ പ്രശ്നത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതേസമയം, കെഎസ്ആർടിസി പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ മറുപടി നിരാശാജനകമാണെന്നു പ്രതിപക്ഷം ആരോപിച്ചു. പെൻഷൻ എന്നു നൽകുമെന്നു മുഖ്യമന്ത്രി പറയുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

error: Content is protected !!