‘മിന്നല്‍’ സര്‍വീസിനെതിരെ വനിതാ കമ്മിഷന്‍
മിന്നല്‍ സര്‍വ്വീസിനെതിരെ വനിതാ കമ്മിഷന്‍. അര്‍ധരാത്രിയില്‍ തനിച്ചു യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കു വീടിനടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനായി ‘മിന്നല്‍’ ബസ് നിര്‍ത്താതിരുന്ന സംഭവത്തിലാണ് കെ.എസ്.ആര്‍.ടി.സിക്കെതിരെ വനിതാ കമ്മിഷന്‍ ഇടപെടുന്നത്. സമയോചിതമായും മാനുഷികമായും പെരുമാറുന്നതില്‍ ബസ് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്നു കമ്മിഷന്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ എ. ഹേമചന്ദ്രനില്‍ നിന്നും വനിതാ കമ്മിഷന്‍ വിശദീകരണം തേടും.
ഇതു സംബന്ധിച്ചുള്ള നിര്‍ദേശം വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ നല്‍കിയിട്ടുണ്ട്. . പെണ്‍കുട്ടിയുടെ സുരക്ഷയെക്കുറിച്ചു തികഞ്ഞ അവഗണയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത്. രാത്രികാലങ്ങളില്‍ ഏതുതരത്തിലുള്ള ബസിലായാലും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണം. മിന്നല്‍ പോലെയുള്ള ബസുകള്‍ യാത്ര പുറപ്പെടുമ്പോഴും പ്രധാന സ്റ്റോപ്പുകളില്‍നിന്ന് യാത്രക്കാര്‍ കയറുമ്പോഴും സ്റ്റോപ്പുകളെക്കുറിച്ച വിവരം ലഭ്യമാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍നിന്നു പയ്യോളിയിലെ വീട്ടിലേക്കു വരികയായിരുന്ന വിദ്യാര്‍ഥിനി സഞ്ചരിച്ച മിന്നല്‍ ബസാണ് വിദ്യാര്‍ഥിനി ആവശ്യപ്പെട്ടിട്ടും അര്‍ധരാത്രിയില്‍ പയ്യോളിയില്‍ നിര്‍ത്താതിരുന്നത്. പോലീസ് രണ്ടിടത്തുവച്ച് കൈകാണിച്ചിട്ടും ബസ് നിര്‍ത്തിയില്ല. പിന്നീട് വയര്‍ലെസ് സന്ദേശം നല്‍കിയതിനെത്തുടര്‍ന്നു ചോമ്പാല പോലീസ് ജീപ്പ് കുറുകെയിട്ടാണു മൂന്നു മണിയോടെ ബസ് തടഞ്ഞ് വിദ്യാര്‍ഥിനിക്ക് ഇറക്കിയത്.