വി ടി ബലറാമിന് കോടിയേരിയുടെ മറുപടി

എകെജിയെ ബാലപീഡകനെന്ന് വിളിച്ച കോണ്‍ഗ്രസ് എംഎല്‍എയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് എംഎഎയുടെ നീചമായ നടപടി പ്രബുദ്ധ കേരളം പൊറുക്കില്ലെന്ന് പറഞ്ഞ കോടിയേരി, കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വിവേകപൂര്‍വമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

കോടിയേരിയുടെ പ്രസ്താവന

പാവങ്ങളുടെ പടത്തലവന്‍ സ.എ.കെ.ജി.യെ അപമാനിച്ച് ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണത്തെ ശക്തമായി അപലപിക്കുന്നു. ഭനീച് ആദ്മി’ എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്സ്. സ്വതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ്സ് നേതാവുമായ എ.കെ.ജി.യെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച എം.എല്‍.എയോട് എന്താണ് സമീപനമെന്ന് രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും വ്യക്തമാക്കണം.

എ.കെ.ജി.യുടെ മരണത്തിന് കൊതിച്ച് ഭകാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ’ എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്റേത്. അന്നുപോലും ആ നികൃഷ്ട മനസ്സില്‍ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നത്. പാവപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവാണ് എ.കെ.ജി.. സ്വാതന്ത്ര്യസമര ചരിത്രത്തിലും എ.കെ.ജി.യുടെ പങ്ക് ചെറുതല്ല. ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കള്‍ എ.കെ.ജി.യോട് കാട്ടിയ ആദരവ് പാര്‍ലമെന്റ് രേഖകലിലെ തിളക്കമുള്ള ഏടാണ്.

ആദ്യ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ച എ.കെ.ജി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ശബ്ദമുയര്‍ത്തി. ഏതൊരു ഇന്ത്യക്കാരന്റെയും എക്കാലത്തെയും അഭിമാനമാണ് എ.കെ.ജി. എന്ന ത്രയാക്ഷരി. പാവങ്ങളുടെ പടത്തലവന്‍ എന്ന പേര് നിസ്വവര്‍ഗ്ഗത്തിന് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളിലൂടെയാണ് എ.കെ.ജി. ആര്‍ജ്ജിച്ചത്. താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു. എം.എല്‍.എ.യുടെ നീചമായ ഈ നടപടിയോട് പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ല.

error: Content is protected !!