നയപ്രഖ്യാപന പ്രസംഗം:കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിച്ചില്ല
കേരളത്തെ മോശമായി ചിത്രീകരിക്കാൻ ദേശീയ തലത്തിൽ ചില സംഘടനകൾ കുപ്രചരണം നടത്തിയെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണറുടെ കുറ്റപ്പെടുത്തൽ. അതേ സമയം കേന്ദ്ര സർക്കാർ ഫെഡറലിസം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഗവർണ്ണർ വായിക്കാതെ വിട്ടുകളഞ്ഞത് വിവാദമായി. നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കേരളത്തിന്റെ ക്രമസമാധാന നിലയെ ചൊല്ലി സംഘപരിവാറും സംസ്ഥാന സർക്കാറും തമ്മിൽ ഏറെനാളായി വാക്പോര് തുടരുന്നതിനിടെയാണ് നയപ്രഖ്യാപനത്തിലെ വിമർശനം.
സംസ്ഥാനത്തിനെതിരായ വ്യാജപ്രചാരണങ്ങളെ വിമർശിച്ചപ്പോൾ കേന്ദ്ര സർക്കാറിനെതിരായ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശം ഗവർണ്ണർ വിട്ടുകളഞ്ഞു. സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച് സംസ്ഥാന സർക്കാറിനെ മറികടന്ന് ജില്ലാ ഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സർക്കാർ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നുവെന്ന കുറ്റപ്പെടുത്തലാണ് വിട്ടത്. സംസ്ഥാന സർക്കാർ തയ്യാറാക്കി നൽകിയ പ്രസംഗത്തിൽ ഈ വിമർശനമുണ്ട്. വർഗ്ഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു എങ്കിൽ പോലും നമ്മുടെ സംസ്ഥാനത്ത് യാതൊരു വർഗ്ഗീയ ലഹളയും ഉണ്ടായില്ല എന്നാണ് പകർപ്പിൽ. പക്ഷെ ഗവർണ്ണർ വർഗ്ഗീയസംഘടനകൾ എന്ന് പറഞ്ഞില്ല. എന്തുവായിക്കണമെന്നത് തീരുമാനിക്കേണ്ടെത് ഗവർണ്ണറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
ഓഖി ദുരിതാശ്വാസ പ്രവർത്തനത്തെ നയപ്രഖ്യാപനപ്രസംഗം അഭിനന്ദിച്ചു. ഓഖി കണക്കിലെടുത്ത് ദുരന്ത നിവാരണ പ്രവർത്തനം കൂടുതൽ ശക്തമാക്കും. അൺ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് മിനിമം ശമ്പളം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും നഴ്സുമാർക്കും മിനിമം ശമ്പളം ലഭ്യമാക്കും. നിക്ഷേപം ആകർഷിക്കാൻ ചൈനീസ് മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാക്കും. കെട്ടിട നിർമ്മാണത്തിന് ഓൺലൈനായി തദ്ദേശ സ്ഥാപനങ്ങൾ അംഗീകാരം നൽകുമെന്നും ഒന്നര മണിക്കൂർ നീണ്ട നയപ്രഖ്യാപന പ്രസംഗം ഉറപ്പ് നൽകുന്നു