കനത്ത മൂടല്‍ മഞ്ഞ്, ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാല് കായികതാരങ്ങള്‍ മരിച്ചു.

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് കായികതാരങ്ങള്‍ മരിച്ചു. ഭാരോദ്വഹന താരങ്ങളാണ് മരിച്ചത്. ഡല്‍ഹി- ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ വഴയിരകിലെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ നടന്ന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട സാക്ഷം യാദവും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്ക് പോകുകയായിരുന്നു താരങ്ങള്‍. വാഹനം അമിതവേഗതയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

സിംഗൂ അതിര്‍ത്തിയില്‍ ആലിപ്പൂര്‍ ഗ്രാമത്തില്‍ വച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!