മനുഷ്യവകാശകമീഷൻ മുൻ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ കെ ഇ ഗംഗാധരൻ അന്തരിച്ചു

കണ്ണൂർ : മനുഷ്യവകാശകമീഷൻ മുൻ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ കെ ഇ ഗംഗാധരൻ (74) അന്തരിച്ചു. ധർമടത്തെ വീട്ടിൽ ഞായറാഴ‌്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ‌്കാരം ഉച്ചക്ക‌് രണ്ടിന‌് ശേഷം എരുവട്ടി പന്തക്കപ്പാറയിലെ പിണറായി പഞ്ചായത്ത‌് ശ‌്മശാനം. മൃതദേഹം ഒരു മണിവരെ വീട്ടിലും രണ്ട‌്‌ വരെ തലശേരി പഴയസ‌്റ്റാന്റിലും പൊതുദർശനത്തിന‌് വെക്കും.

തലശേരി ജില്ലകോടതിയിൽ പബ്ലിക‌് പ്രോസിക്യൂട്ടറായിരുന്ന കെ ഇ ഗംഗാധരൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ‌് പൊതുരംഗത്ത‌് വന്നത‌്. കോടതിമാർച്ചുൾപ്പെടെ നിരവധി സമരങ്ങൾക്ക‌് നേതത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത‌് മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. പ്രമാദമായ നിരവധികേസുകളിൽ സ‌്പെഷ്യൽപ്രോസിക്യുട്ടറായും പ്രവർത്തിച്ചു. പാവങ്ങളുടെ അഭിഭാഷകനായിരുന്നു കെ ഇ ഗംഗാധരൻ. സിപിഐ എം തലശേരി ടൗൺ ലോക്കൽകമ്മിറ്റി അംഗം, ലോയേഴ‌്സ‌് യൂനിയൻ ജില്ല ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു.

പരേതരായ അനന്തൻമാസ‌്റ്ററുടെയും മാധവിയുടെയും മകനാണ‌്. ഭാര്യ: സുധ അഴീക്കോടൻ(സംസ്ഥാന ലൈബ്രറി കൗൺസിൽ എക‌്സിക്യൂട്ടീവംഗം, റിട്ട. ലൈബ്രേറിയൻ കണ്ണൂർ യൂനിവേഴ‌്സിറ്റി). മക്കൾ: രാഗിത്ത‌്, നിലോഷ. മരുമകൻ: വിശ്വജിത്ത‌്(കുവൈറ്റ‌്).
ഹോദരങ്ങൾ: മോഹനൻ , ജനാർദനൻ (പിണറായി വീവേഴ‌്സ‌് സൊസൈറ്റി, റിട്ട. സെക്രട്ടറി), വിമല (റിട്ട. അധ്യാപിക), പരേതനായ വിജയൻ.  അഴീക്കോടൻ രാഘവന്റെയും മീനാക്ഷിടീച്ചറുടെയും മകളുടെ ഭർത്താവാണ‌്.

മൃതദേഹത്തിൽ സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎ, ജില്ലകമ്മിറ്റി അംഗം അഡ്വ പി ശശി, ഏരിയസെക്രട്ടറിമാരായ എം സി പവിത്രൻ, കെ ശശിധരൻ, നഗരസഭ ചെയർമാൻ സി കെ രമേശൻ,പി എംപ്രഭാകരൻകർഷകതൊളിലാളിയൂനിയൻ സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു .  കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ എന്നിവർ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

അഡ്വ. കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

അർപ്പണ ബോധത്തോടെയും സേവന സന്നദ്ധതയോടെയും സമൂഹത്തിൽ സദാ ഇടപെട്ട മനുഷ്യ സ്നേഹിയെ ആണ് അഡ്വ. കെ ഇ ഗംഗാധരന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിദ്യാർത്ഥി ജീവിതകാലം മുതൽ ഒന്നിച്ചുണ്ടായിരുന്ന കെ ഇ ഗംഗാധരനെ എക്കാലത്തും ഓർമ്മിക്കാനുള്ള ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്. സമര രംഗത്തും സംഘാടനത്തിലും ജയിൽ വാസത്തിലും മനഃസ്ഥൈര്യത്തോടെ നിലകൊണ്ട ഗംഗാധരനെ എന്നും നയിച്ചത് പാവങ്ങളിൽ പാവങ്ങളായവരുടെ കൈപിടിക്കുന്ന മനസ്സാണ്. മറ്റെല്ലാം മറന്നു കൊണ്ടുള്ള ആ സന്നദ്ധതയും ആവേശവും പലപ്പോഴും അടുത്തറിഞ്ഞിട്ടുണ്ട്.
അഭിഭാഷകൻ എന്ന നിലയിൽ പാവപ്പെട്ടവർക്ക് നീതി കിട്ടാനായി അവിരാമം പ്രവർത്തിച്ച അദ്ദേഹം മനുഷ്യാവകാശ കമീഷൻ അംഗത്വ കാലയളവിലും നീതി നിഷേധങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടപെട്ടു. പുരോഗമന പ്രസ്ഥാനത്തോടൊപ്പമായിരുന്നു അദ്ദേഹത്തിൻറെ മനസ്സും പ്രവൃത്തിയും.
കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!