വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ നവംബര്‍ 18 വരെതിരുത്താം

കണ്ണൂർ  : വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്‌ടേര്‍സ് വെരിഫിക്കേഷന്‍ പ്രോഗ്രാം(ഇ വി പി) നവംബര്‍ 18 വരെ നീട്ടി.  വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയിലെ പേര് വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം.  വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിനും, പഴയ ബ്ലാക്ക് ആന്റ് വൈറ്റ് തിരിച്ചറിയല്‍ കാര്‍ഡ് മാറ്റി പുതിയ കളര്‍ കാര്‍ഡ് ലഭിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം.

നിലവിലുള്ള മേല്‍വിലാസത്തില്‍ പുതിയ കളര്‍ കാര്‍ഡ് ലഭിക്കുന്നതിനും വോട്ടര്‍ പട്ടിക പരിശോധനക്കും താമസം മാറിയവര്‍ക്ക് പുതിയ താമസ സ്ഥലത്ത് പേര് മാറ്റി ചേര്‍ക്കുന്നതിനും www.nvsp.in എന്ന വെബ്‌സൈറ്റോ, Voter Helpline എന്ന മൊബൈല്‍ അപ്ലിക്കേഷനോ ഉപയോഗിക്കാം.  നിലവില്‍ വോട്ടുള്ളവര്‍ക്ക് പഴയ തിരിച്ചറില്‍ കാര്‍ഡ് മാറ്റി കളര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് www.nvsp.in  എന്ന വെബ്‌സൈറ്റ് വഴി ഫോറം 8 നല്‍കി (തിരുത്തല്‍ വരുത്തുന്നതിനുള്ള ഫോറം)  ആവശ്യമായ തിരുത്തലുകള്‍ വരുത്തി കളര്‍ ഫോട്ടോയും ആവശ്യമായ രേഖകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചാല്‍ ബൂത്ത് തല ഓഫീസര്‍മാര്‍ വീടുകളില്‍ വന്ന് പരിശോധന പൂര്‍ത്തിയാക്കി പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വീടുകളില്‍ തന്നെ വിതരണം ചെയ്യും.

ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറോ, മൊബൈലോ ഉപയോഗിച്ച് വോട്ടര്‍ക്ക് വീട്ടില്‍ നിന്നു തന്നെ വോട്ടര്‍ പട്ടിക പരിശോധന, തിരുത്തലുകള്‍ എന്നിവ ചെയ്യാവുന്നതാണ്.  താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളിലെ വോട്ടര്‍ സഹായ  കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം.

error: Content is protected !!