എല്ലാ സ്‌കൂളുകളിലും കഫേശ്രീ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍

കണ്ണൂർ : ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കഫേശ്രീയുടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സ്‌കൂള്‍ സമയങ്ങളിലെ ഇടവേളകളില്‍ വിദ്യാര്‍ഥികള്‍ ചായ കുടിക്കാനും മറ്റുമായി പുറത്ത് പോകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇത്തരം ഇടവേളകളിലാണ് മയക്കുമരുന്ന് മാഫിയ കുട്ടികളെ വലയിലാക്കുന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബശ്രീയുമായി ചര്‍ച്ച നടത്തും. കുട്ടികളുടെ സുരക്ഷയോടൊപ്പം അവര്‍ക്ക് മായം ചേര്‍ക്കാത്ത ആഹാരം കഴിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ സ്‌കൂളുകളിലും ആധുനിക സൗകര്യത്തോടെയുള്ള കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മുന്നില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകുന്നില്ലെന്നും ഇതിനായി പ്രത്യേക സൗകര്യമൊരുക്കണമെന്നുമുള്ള കൗണ്‍സലര്‍മാരുടെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 24 സ്‌കൂളുകളിലാകും പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എല്ലാ സ്‌കൂളുകളിലും സോളാര്‍, സിസിടിവി ക്യാമറകള്‍, ഫോട്ടോ സ്റ്റാറ്റ് മെഷീനുകള്‍ എന്നിവ സ്ഥാപിക്കുന്ന പദ്ധതി മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. 23 സ്‌കൂളുകളിലും ഒമ്പത് ഘടക സ്ഥാപനങ്ങളിലുമാണ് ഇതിനോടകം സോളാര്‍ സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.  കെ എസ് ഇ ബിയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിലൂടെ സ്‌കൂളുകള്‍ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗം വിലയിരുത്തി.

സ്‌കൂളുകളിലേക്കുള്ള ചോദ്യപേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ നല്‍കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ആക്രമം തടയുക, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്‌കൂളുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 23 സ്‌കൂളുകളിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ജില്ലയിലെ 73 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതികള്‍ നടപ്പാക്കുക. സ്‌കൂളുകളിലെ ശൗചാലയ ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന റിപ്പോര്‍ട്ട് അവലോകനം ചെയ്യുന്നതിനായി ഒക്ടോബര്‍ 25 ന്  യോഗം ചേരാനും പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകളില്‍ നടപ്പാക്കുന്ന ബി പോസിറ്റീവ് പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഡി ഡി ഇയുടെ നേതൃത്വത്തില്‍ എല്ലാ മാസവും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ മാസത്തില്‍ രണ്ട് തവണയും സ്‌കൂളുകളില്‍ യോഗങ്ങള്‍ ചേര്‍ന്ന് പുരോഗതി വിലയിരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

ജനുവരി മാസത്തോടെ എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് 100 ശതമാനം പദ്ധതി നേട്ടം കൈവരിക്കാന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ യോഗത്തെ അറിയിച്ചു. ഇതിനായി പഞ്ചായത്ത് അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കണം. പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഇപ്പോള്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണുള്ളതെന്നും സെക്രട്ടറി പറഞ്ഞു.  ജില്ലാ പഞ്ചായത്ത് വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. വിവിധ സ്റ്റാറ്റിംഗ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും യോഗത്തില്‍ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യന്മാരായ വി കെ സുരേഷ് ബാബു, കെ പി ജയബാലന്‍, കെ ശോഭ, ടി ടി റംല, കാരായി രാജന്‍, അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ആര്‍ അജിത, പി ഗൗരി, പി ജാനകി, കെ മഹിജ, ജോയി കൊന്നക്കല്‍, കെ നാണു, പി വിനിത, മാര്‍ഗരറ്റ് ജോസ്, സുമിത്ര ഭാസ്‌ക്കരന്‍, പി കെ സരസ്വതി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മല ദേവി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!