കണ്ണൂർ നഗരത്തിൽ നിന്നും പുകയില ഉൽപന്നങ്ങൾ പിടികൂടി

കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ നിന്നും പുകയില ഉൽപന്നങ്ങൾ പിടികൂടി. കാംബസാറില്‍ ഇന്നുച്ചയോടെ പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. നാല് ചാക്ക് നിറയെ പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഹാജി റോഡിലെ എ ബി സ്റ്റോറിൽ നിന്നാണ് ചാക്കുകളിലാക്കി ഒളിപ്പിച്ചനിലയിൽ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. എ ബി സ്റ്റോര്‍ ഉടമ വേങ്ങാട് തെരു സ്വദേശി പി പ്രേംകുമാറിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂർ ടൗണ്‍ എസ് ഐ ബാവിഷും സംഘവും നടത്തിയ റെയ്ഡിലാണ് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

കണ്ണൂര്‍ നഗരത്തില്‍ പാന്‍ പരാഗ്, ചൈനി ഖൈനി, ഹന്‍സ് തുടങ്ങിയ നിരോധിത ഉല്‍പന്നങ്ങള്‍ വ്യാപകമായ തോതില്‍ വില്‍പന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ട്. വിദ്യാര്‍ത്ഥികളും അന്യ സംസ്ഥാന തൊഴിലാളികളും മറ്റും വ്യാപകമായ തോതില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. വിദ്യാര്‍ത്ഥികളുടെ പുകയില ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി ഫോണ്‍കോളുകളാണ് ദിവസവും പോലീസ് സ്‌റ്റേഷനിലെത്തുന്നത്.

അതിനിടെ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഇരിട്ടിയില്‍വെച്ച് 20 ഗ്രാം കഞ്ചാവോടെ ഒരു യുവാവിനെയും പേരാവൂരില്‍ നാലര ലിറ്റര്‍ മദ്യം സൂക്ഷിച്ചതിന് രണ്ട് യുവാക്കളെയും തലശ്ശേരിയില്‍ 6 ലിറ്റര്‍ മദ്യവുമായി ഒരാളെയും പിടികൂടി. ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് വിവിധ സ്ഥലങ്ങളില്‍വെച്ച് ഇവരെ വലയിലാക്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

error: Content is protected !!