പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള ചെയിന്‍ സര്‍വീസ് പൂര്‍ണ്ണമായും കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു.

File Image

പയ്യന്നൂർ ∙ പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസ് പൂർണമായും അവസാനിപ്പിച്ചു. ലാഭ നഷ്ടം നോക്കാതെ ജൂൺ മുതൽ 6 മാസം തുടർച്ചയായി കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് 6 വീതം ബസുകൾ ചെയിൻ സർവീസ് നടത്തണമെന്ന ബോർഡിന്റെ ഉത്തരവ് നിലനിൽക്കവെയാണ് സർവീസ് പൂർണമായും ഇരു ഡിപ്പോകളും നിർത്തിവച്ചത്. പഴയങ്ങാടി വഴിയുള്ള കെഎസ്ടിപി റോഡ് മെക്കാഡം ചെയ്ത് ഗതാഗത യോഗ്യമാക്കിയപ്പോൾ കണ്ണൂരിന്റെ എംഎൽഎയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പയ്യന്നൂർ, കല്യാശ്ശേരി എംഎൽഎമാരും മുൻകയ്യെടുത്താണ് ചെയിൻ സർവീസ് തുടങ്ങിയത്. തുടക്കത്തിൽ കണ്ണൂരിൽ നിന്ന് 6ഉം പയ്യന്നൂരിൽ നിന്ന് 4ഉം ബസുകൾ സർവീസ് നടത്തി. ഇത് പലപ്പോഴായി ചുരുങ്ങി വന്നു. ഇതിനിടയിൽ ലാഭ നഷ്ടം നോക്കാതെ ചെയിൻ സർവീസ് നടത്തണമെന്ന ബോർഡ് ഉത്തരവും ഇറങ്ങി. ആവശ്യത്തിന് ബസുകൾ നൽകാമെന്ന് ബോർഡിന്റെ ഉറപ്പും ഉണ്ടായിരുന്നു.

എന്നാൽ ബസുകൾ മാത്രം നൽകിയില്ല. പയ്യന്നൂർ ഡിപ്പോയിൽ ബസുകൾ കട്ടപ്പുറത്തും ഡ്രൈവർമാരുടെ അഭാവവും മൂലം പഴയങ്ങാടി വഴിയുള്ള ചെയിൻ സർവീസ് ഓണത്തിന് മുൻപ് തന്നെ പൂർണമായും ഒഴിവാക്കി. അപ്പോഴും കണ്ണൂരിൽ നിന്ന് 2 ബസുകൾ സർവീസ് നടത്തിയിരുന്നു. ഇന്നലെ ആ ബസുകൾ ട്രിപ്പ് തുടങ്ങിയപ്പോൾ തന്നെ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. രാവിലെ 5.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബസ് ബ്രേക്ക്ഡൗണായി പാപ്പിനിശ്ശേരിക്ക് മുൻപ് തന്നെ സർവീസ് അവസാനിപ്പിച്ചു. രണ്ടാമത് വന്ന ബസ് പയ്യന്നൂരിൽ എത്തിയപ്പോൾ കേടുപാട് വന്ന് തുടർ സർവീസ് നടത്താനാകാതെ പയ്യന്നൂർ ഡിപ്പോയിൽ കയറ്റിയിട്ടു. പകരം സർവീസ് നടത്താൻ കണ്ണൂർ ഡിപ്പോയിലും ബസുകൾ ഇല്ല. ഫലത്തിൽ ചെയിൻ സർവീസ് പൂർണമായും ഇല്ലാതായി.

error: Content is protected !!