മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വം; എന്‍സിപിയില്‍ കൂട്ടരാജി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനെ മല്‍സരിപ്പിച്ചതിനെതിരേ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. ഉഴവൂര്‍ വിജയന്‍ പക്ഷത്തുണ്ടായിരുന്നവരാണ് മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ രംഗത്തെത്തിയത്. അഭിപ്രായഭിന്നതയെത്തുടര്‍ന്ന് എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളി ഉള്‍പ്പടെ 42 പേരാണ് രാജിവച്ചത്. എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെയുള്ള കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ രാജിവയ്ക്കുമെന്ന് ജേക്കബ് പുതുപ്പള്ളി പറഞ്ഞു.

എന്‍സിപിയില്‍ ഉഴവൂര്‍ വിഭാഗത്തോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് രാജിയെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കാനൊന്നും ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്നുള്ളവരാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്. മണര്‍കാട് പ്രത്യേകയോഗം ചേര്‍ന്നശേഷമാണ് ഇവര്‍ രാജിപ്രഖ്യാപനം നടത്തിയത്. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നേരത്തെ തന്നെ രൂക്ഷമായ പോര് തുടങ്ങിയിരുന്നു. തോമസ് ചാണ്ടിയെ എതിര്‍ത്തതിന്റെ പേരില്‍ ടി വി ബേബി അടക്കമുള്ളവരെ എന്‍സിപിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇവരുള്‍പ്പടെയുള്ളവരാണ് ഇപ്പോള്‍ മാണി സി കാപ്പനെതിരേ രംഗത്തുവന്നിരിക്കുന്നത്.

മാണി സി കാപ്പനെ പാലായില്‍ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സാബു എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ദേശീയ നേതൃത്വത്തെവരെ സമീപിച്ചിരുന്നു. ഒരാള്‍തന്നെ ഒരേ മണ്ഡലത്തില്‍ സ്ഥിരമായി സ്ഥാനാര്‍ഥിയാകുന്നത് ശരിയല്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് സാബു എബ്രഹാമിന്റെ ആവശ്യം. എന്നാല്‍, ഇത് അവഗണിച്ചാണ് പാലായില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. പാര്‍ട്ടിയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് എന്‍സിപിയോട് എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നു.

പക്ഷേ, പരിഹരിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ രാജി തീരുമാനത്തിലെത്തിയത്. ഉഴവൂര്‍ വിജയന്‍ വിഭാഗത്തെ നിരന്തരം അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള പ്രതിഷേധമാണ് രാജിയെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഒരുപരിപാടികളിലും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. പാലായില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഒരു കമ്മിറ്റികളിലും ഉള്‍പ്പെടുത്തിയിട്ടില്ല. തങ്ങളുടെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്നാണ് അവരുടെ നിലപാട്. തിരഞ്ഞെടുപ്പുസമയത്തുപോലും ഇത്തരത്തിലുള്ള നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ലെന്നും നേതാക്കള്‍ പറയുന്നു.

error: Content is protected !!