നിർത്തിയിട്ട കാറുകളുടെ ഗ്ലാസ്‌ തകർത്ത് മോഷണം; പ്രതി തളിപ്പറമ്പ് പോലീസിന്റെ പിടിയില്‍.

നിർത്തിയിട്ട കാറുകളുടെ ഗ്ലാസ്‌ തകർത്ത് പണമുൾപ്പെടെയുള്ള സാധനം കൊള്ളയടിക്കുന്ന പ്രതി പിടിയിൽ. ഒമ്പതുമാസമായി പൊലീസിനെ വട്ടംകറക്കിയ പുഷ്പഗിരിയിലെ മാടാളൻ പുതിയപുരയിൽ അബ്ദുൾ മുജീബാ (42) ണ് തളിപ്പറമ്പ് ഡിവൈഎസ്‌‌പി ടി കെ രത്‌നകുമാറിന്റെയും സംഘത്തിന്റെയും പിടിയിലായത്.

പറശ്ശിനിക്കടവിലും സ്‌നേക്ക്പാർക്കിന് സമീപവും വ്യാഴാഴ്ച രണ്ട് കാറുകളുടെ ഗ്ലാസുകൾ തകർത്ത് നടത്തിയ മോഷണമാണ് അബ്ദുൾ മുജീബിനെ പിടികൂടാൻ സഹായകരമായത്. സ്‌നേക്ക്പാർക്കിന് സമീപം നിർത്തിയിട്ട ചുഴലി ചാലുവയലിലെ കുറ്റിയത്ത് ഹൗസിൽ തോമസിന്റെ മാരുതി ആൾട്ടോ കാറിന്റെ വാതിൽ തകർത്ത് കൊള്ളയടിക്കാനുള്ള ശ്രമം വിഫലമായി. തുടർന്ന് വൈകിട്ട് നാലരയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറയിലെ പ്രവീൺകുമാറിന്റെ മാരുതി കാർ തകർത്താണ് പണം കവർന്നത്.

പ്രവീൺകുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉൾപ്പെടെ 18,000 രൂപയാണ് വാനിറ്റി ബാഗിൽനിന്ന് കവർന്നത്. പകൽ രണ്ടരയോടെ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച രണ്ട് യുവാക്കൾ കാറിന് സമീപം നിൽക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞതും ഇവരുടെ ദൃശ്യം തൊട്ടടുത്ത എം വി ആർ ആയുർവേദ കോളേജിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതുമാണ് മുജീബിനെ കുടുക്കിയത്. വെള്ളിയാഴ്ച പുലർച്ചയോടെ മുജീബിനെ പൊലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കവർച്ച നടത്തിയ കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.

രാജരാജേശ്വരക്ഷേത്ര പരിസരത്ത് ആഗസ്ത് 31 ന് രാത്രി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഏഴാംമൈൽ വടക്കാഞ്ചേരി റോഡിലെ ഹരിദാസിന്റെ കാറിന്റെ ഡോർ തകർത്ത് ഐഫോൺ ഉൾപ്പെടെ രണ്ട് മൊബൈൽ ഫോണുകളും പിൻ നമ്പർ രേഖപ്പെടുത്തിയ എടിഎം കാർഡുകളും വിദേശ ഡ്രൈവിങ്‌ ലൈസൻഡസ് ഉൾപ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയും കവർന്നിരുന്നു. ഇവിടെയും മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നെല്ലിപ്പറമ്പിൽ ഗൃഹപ്രവേശച്ചടങ്ങിനെത്തിയ കരിമ്പത്തെ മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചുകൊണ്ടായിരുന്നു കവർച്ചാപരമ്പരയുടെ തുടക്കം.

error: Content is protected !!