ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീൽ വച്ച കവറിൽ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നൽകി.

പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് ബെയിന്‍സാണ് കോടതിയെ സമീപിച്ചത്. അതിനിടെ യുവതിയുടെ പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി. അന്വേഷണം തീരുന്നത് വരെ ചീഫ് ജസ്റ്റിസ് മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ജീവനക്കാരിയാണ് പരാതിപ്പെട്ടത്. ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കോടതി ചുമതലപ്പെടുത്തി. എന്നാല്‍ അന്വേഷണ സമിതിയില്‍ അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്ന് പരാതിക്കാരി ആരോപിച്ചു. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം തന്‍റെ പരാതിയില്‍ നടക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് എന്‍.വി രമണ പിന്മാറിയത്.

എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം സുപ്രീംകോടതിയിലെ തന്നെ അതൃപ്തരായ ജ‍ഡ്ജിമാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന ലോബിയുടെ ഗൂഢാലോചനയാണെന്നാണ് അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്‍റെ ആരോപണം. വിഷയം ഗൌരവമുള്ളതാണെന്നും കോടതിയെ ശുദ്ധീകരിക്കാന്‍ ധീരമായ തീരുമാനങ്ങളെടുത്ത ചീഫ് ജസ്റ്റിസിനെ നിഷ്ക്രിയനാക്കലാണോ ലക്ഷ്യമെന്ന് സംശയമുണ്ടെന്നും കോടതി ഇന്നലെ നിരീക്ഷിക്കുകയുണ്ടായി. ഗൂഢാലോചനക്ക് പിറകിലെ വ്യക്തികളെക്കുറിച്ച് വിശദ വിവരങ്ങള്‍ പുതിയ സത്യവാങ്മൂലമായി സമര്‍പ്പിക്കാനും കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഗൂഢാലോചന അന്വേഷിക്കാന്‍ കോടതി ഇന്ന് ഉത്തരവിട്ടത്.

രാവിലെ ഈ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ തന്നെ സ്വാധീനിക്കാൻ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്‍റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീൽ വച്ച കവർ അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസ് സുപ്രീംകോടതിയിൽ നൽകിയിരുന്നു.
സത്യവാങ്മൂലത്തിൽ വസ്തുതയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. ഏകെ പട്നായിക് നൽകുന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി അന്വേഷണം.

എന്നാൽ പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്‍റെ പരിധിയിൽ വരില്ല. നാളെ രാവിലെ മുതൽ ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്പാകെ പരാതിക്കാരി ഹാജരായി തെളിവ് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

error: Content is protected !!