ലോക്സഭാ തിരഞ്ഞെടുപ്പ് ; രേഖയില്ലാതെ 50,000 രൂപയ്ക്കുമുകളിൽ കൈയിൽ സുക്ഷിക്കാൻ പാടില്ല

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷണത്തിനായി രൂപീകരിച്ച ടീമുകള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ രൂപീകരിച്ച ഫ്ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം, വീഡിയോ സര്‍വെയ്‌ലന്‍സ് ടീം എന്നിവര്‍ക്കാണ് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കിയത്. ഓരോ ടീമും പാലിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ചും നിര്‍വഹിക്കേണ്ട ചുമതലകളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു.

ഒരു സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, രണ്ട് പോലീസ് ഓഫീസര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഒരു ഫ്ളൈയിംഗ് സ്‌ക്വാഡ്. സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമില്‍ ഒരു സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, രണ്ട് പോലീസുകാര്‍, വീഡിയോഗ്രാഫര്‍ എന്നിവരും വീഡിയോ സര്‍വയലന്‍സ് ടീമില്‍ ഒരു ചാര്‍ജ്ജ്  ഓഫീസറും ഒരു വീഡിയോ ഗ്രാഫറുമാണുള്ളത്.

അനധികൃതമായി കൈവശം വയ്ക്കുന്ന പണം, മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തുകയാണ് സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിന്റെ ദൗത്യം. ഇതിനായി ഓരോ ടീമും മണ്ഡലത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തിയതിന് ശേഷം ആവശ്യമായ സ്ഥലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന നടത്തും. ടീം നടത്തുന്ന പരിശോധനകളും നടപടികളും വീഡിയോയില്‍ ചിത്രീകരിക്കും. 50000 രൂപ വരെയാണ് ഒരാള്‍ക്ക് രേഖകളില്ലാതെ കൈയില്‍ സൂക്ഷിക്കാന്‍ കഴിയുക. ഇതില്‍ കൂടുതല്‍ പണം രേഖകളില്ലാതെ കണ്ടെടുക്കുന്ന പക്ഷം അവ കണ്ടുകെട്ടി എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിംഗ് സെല്ലില്‍ ഹാജരാക്കും. പിന്നീട് രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പണം ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കും.

അനധികൃതമായി പണമോ മദ്യമോ മറ്റ് വസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് സ്ഥലത്തെത്തി ഇവ പിടിച്ചെടുക്കുക എന്നുള്ളതാണ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ ദൗത്യം. ഒരോ മണ്ഡലത്തിലും നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികള്‍ പൂര്‍ണമായും ചിത്രീകരിക്കുക എന്നാണ് വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിന്റെ ചുമതല. ഇവര്‍ ചിത്രീകരിക്കുന്ന വീഡിയോയിലൂടെ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കും. സ്ഥാനാര്‍ത്ഥിയുടെ ഓരോ പരിപാടിയിലും ഉപയോഗിക്കുന്ന വാഹനങ്ങള്‍, കട്ടൗട്ടുകള്‍, സ്റ്റേജുകള്‍, കസേരകള്‍ ഉള്‍പ്പെടെ ചിത്രീകരിച്ചിരിക്കണം. പരിപാടിയെക്കുറിച്ചും അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചുമുള്ള ചെറു വിവരണവും ഇവര്‍ നല്‍കണം. ഇതിന്റെ വിഡിയോ അതാത് ദിവസം വീഡിയോ വ്യൂവിംഗ് ടീമിനെ ഏല്‍പ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൊതു സ്ഥലത്തുള്ള എല്ലാ പോസ്റ്ററുകളും നീക്കം ചെയ്യണമെന്നും ഇതിനായി ചെലവഴിക്കുന്ന പണം ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാ പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥിയെയോ പാര്‍ട്ടിയെയോ ചിഹ്നത്തെയോ സൂചിപ്പിക്കുന്ന എല്ലാ പോസ്റ്ററുകളും നീക്കം ചെയ്യണം. ഒരു സ്ഥലത്തെ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കിയത് ശേഷം മാത്രമേ മറ്റിടങ്ങളിലേക്ക് നീങ്ങാന്‍ പാടുള്ളൂവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

സി വിജില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു. ജില്ലാ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഇലക്ഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ ഷനോജ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

You may have missed

error: Content is protected !!