ലോകകപ്പിൽ പാക്കിസ്ഥാനോട് കളിക്കേണ്ടതില്ല – ഹർഭജൻ സിങ് …

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌നയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് സമാന ആവശ്യവുമായി ഹര്‍ഭജനും രംഗത്തുവന്നിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തെ പരസ്യമായി അപലപിക്കാന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തയ്യാറായിട്ടില്ലെന്നും അത് ഈ ആക്രമണത്തില്‍ എന്തൊക്കെയോ പങ്ക് പാകിസ്താനുണ്ടെന്നതിന്റെ തെളിവാണെന്നുമാണ് സുരേഷ് ബഫ്‌ന ആരോപിച്ചത്.

ഇതിനോട് സമാനമായ കാരണങ്ങള്‍ തന്നെയാണ് ഹര്‍ഭജനും പങ്കു വെക്കുന്നത്. അവരുടെ സ്വന്തം മണ്ണില്‍ കൊഴുക്കുന്ന ഭീകരവാദത്തെ തുടച്ചുനീക്കാന്‍ മതിയായ യാതൊന്നും പാകിസ്താന്‍ ചെയ്യുന്നില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ജൂണ്‍ 16 ന് നിശ്ചയിച്ചിരിക്കുന്ന പാകിസ്താനെതിരായ ലോകകപ്പ് മത്സരം കളിക്കാന്‍ ഇന്ത്യ തയാറാകരുത്. പാകിസ്താനെതിരെയുള്ള മത്സരം വേണ്ടെന്ന് വെച്ചാല്‍ പോലും ലോകകപ്പ് നേടാന്‍ കരുത്തുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞു. അവിശ്വസനീയമായ ആക്രമണമാണ് നമ്മുടെ സേനക്ക് നേരെയുണ്ടായത്. കടുത്ത നടപടികള്‍ തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അവരുടെ ഭാഗത്തു നിന്നു ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് കൊണ്ട് തന്നെ അവരുമായി ബന്ധം സൂക്ഷിക്കേണ്ട കാര്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓള്‍ഡ് ട്രാഫോഡില്‍ ജൂണ്‍ 16നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന ആവശ്യമാണ് സി.സി.ഐ സെക്രട്ടറി നേരത്തെ ഉന്നയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലെ ഇംറാന്‍ ഖാന്റെ ചിത്രം സി.സി.ഐ മറച്ചിരുന്നു. രാജ്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രതികരണമെന്ന നിലയിലാണ് അത് ചെയ്തതെന്നായിരുന്നു പ്രതികരണം. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ 250 കിലോഗ്രാമിലേറെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചാവേറിനൊപ്പം പൊട്ടിത്തെറിച്ചായിരുന്നു ആക്രമണം.

error: Content is protected !!