മാസങ്ങളായി ശമ്പളമില്ല; വർക്കല അകത്തുമുറി ശ്രീശങ്കര ഡന്റൽ കോളജ് അദ്ധ്യാപകരും വിദ്യാർത്ഥികളും അനിശ്ചിതകാല സമരത്തിൽ.

വർക്കല :വർക്കല എസ് ആർ എഡ്യൂക്കേഷൻ ട്രസ്ടിന്റെ കീഴിലുള്ള, അകത്തുമുറി ശ്രീ ശങ്കരാ ഡെന്റൽ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും മാനേജ്‌മെന്റിനെതിരായി അനിശ്ചിതകാല സമരത്തിൽ. മാസങ്ങളായി ശമ്പളം കിട്ടാത്തതിനെത്തുടർന്ന് ശ്രീശങ്കര ഡന്റൽ കോളജിൽ അദ്ധ്യാപകരും ജീവനക്കാരും 2018 ഡിസംബർ 13-ാം തീയതി മുതൽ സമരത്തിലായിരുന്നു. തുടർന്ന്, PTA യുടെ മധ്യസ്ഥതയിൽ, നടന്ന ചർച്ചയിൽ, 2019- ജനുവരി 31-ന് മുമ്പ് ശമ്പള കുടിശിക തീർക്കാം എന്ന മാനേജ്‌മെന്റിന്റെ ഉറപ്പിന്മേൽ അദ്ധ്യാപകർ താൽകാലികമായി സമരം പിൻവലിച്ച് ജനുവരി ഒന്നാം തീയതി മുതൽ ജോലിക്ക് ഹാജരാ യിരുന്നു. എന്നാൽ മാനേജ്മെൻറ് വാക്കുപാലിക്കാത്തതിനെത്തുടർന്ന് ഫെബ്രുവരി 16-ാം തീയതി മുതൽ അദ്ധ്യാപകരും മറ്റു ജീവനക്കാരും വിദ്യാർത്ഥികളും വീണ്ടും സമരത്തിനിറങ്ങാൻ നിർബ്ബന്ധിതരാവുകയായിരുന്നു. എസ് ആർ എഡ്യൂക്കേഷൻ ട്രസ്റ്റിനു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളായ എസ് ആർ മെഡിക്കൽ കോളേജ്, ശ്രീശങ്കരാ ഡെന്റൽ കോളേജ് എന്നീ സ്ഥാപനങ്ങൾ ഒരേ കോംബൗണ്ടിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തെപ്പറ്റി നിരവധി പരാതികൾ നിലവിലുണ്ട്. 2015 ൽ 100 വിദ്യാർത്ഥികൾക്ക് എം ബി ബി എസ്സിന് പ്രവേശനം നൽകാൻ എസ് ആർ മെഡിക്കൽ കോളേജിന് അനുമതി ലഭിച്ചിരുന്നെങ്കിലും അതിനു ശേഷം ഇതുവരെ തുടർ അനുമതി ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അനുമതി ലഭിക്കാതിരിക്കാൻ കാരണം. മെഡിക്കൽ കോളേജിനാവശ്യമായ കെട്ടിടങ്ങൾ, ചട്ടങ്ങൾ ലംഘിച്ചും അനുമതി വാങ്ങാതെയുമാണ് നിർമ്മിച്ചതെന്ന് കാട്ടി ചെറുന്നിയൂർ പഞ്ചായത്ത് സ്വീകരിച്ച നടപടിക്കെതിരെ മാനേജ്‌മന്റ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. കഴിഞ്ഞ വർഷം, ഹൈക്കോടതി ഉത്തരവ് പ്രകാരം എം ബി ബി എസ്സിന് പ്രവേശനം നടത്താൻ കോളേജ് അനുമതി വാങ്ങിയിരുന്നെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കി. സാമ്പത്തിക ക്രമക്കേടുകളും ട്രസ്റ്റിനെതിരെ സമരം ചെയ്യുന്ന അധ്യാപകർ ആരോപിക്കുന്നു.
അദ്ധ്യാപകരിൽ നിന്നും 2017-18, 2018 – 19 സാമ്പത്തിക വർഷങ്ങളിൽ ഇൻകം ടാക്സിനത്തിൽ TDS ആയിപ്പിടിച്ച ലക്ഷക്കണക്കിനു രൂപ ഇതുവരെ Income Tax Department ൽ അടച്ചിട്ടില്ല. അതിനെത്തുടർന്ന് അദ്ധ്യാപകർക്ക് Income Tax Department ൽ നിന്നും പിഴയുൾപ്പെടെ വൻ തുക അടയ്‌ക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുന്നുണ്ട്.
സ്വാശ്രയ സ്ഥാപനങ്ങളായ ഇവിടെ, ഭൂരിപക്ഷവും ഉയർന്ന ഫീസടച്ച് പഠിക്കുന്ന വിദ്യാർത്ഥികളാണ്. ഇവരുടെ പഠനം തടസ്സമില്ലാതെ ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കാനോ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളക്കുടിശ്ശികൊടുത്തു തീർത്ത്, പ്രശ്ന പരിഹാരത്തിന് ശ്രമിക്കാനോ PTA പ്രതിനിധികളുമായി പ്രശ്നം ചർച്ച ചെയ്യാനോ മാനേജ്‌മന്റ് തയ്യാറാകുന്നില്ലെന്ന് PTA പ്രതിനിധികൾ പരാതിപ്പെട്ടു. പ്രശ്നം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ ഗവൺമെന്റും, എൻട്രൻസ് കമ്മീഷണറും ഇടപെടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. അതുവരെ അനിശ്ചിതകാല സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

error: Content is protected !!