പ്രോ വോളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം…

പ്രോ വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഗിലെ രണ്ടാം ജയം പൊരുതി നേടിയത്. 10 പോയിന്റ് നേടിയ അമേരിക്കന്‍ താരം ഡേവിഡ് ലീയുടേയും 9 പോയിന്റ് നേടിയ പ്രഭാകരന്റെയും മികവിലാണ് അവസാന സെറ്റ് വരെ നീണ്ട മത്സരത്തില്‍ കൊച്ചി ടീമിന്റെ ജയം.

  • സ്‌കോര്‍ 10-15, 15-11, 11-15, 15-12, 15-12

പ്രോ വോളിയിലെ കാലിക്കറ്റ് – മുംബൈ മത്സരത്തിന്റെ തുടര്‍ച്ചയാണ് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയവര്‍ക്ക് കാണാന്‍ കഴിഞ്ഞതെന്ന് പറയുന്നതാവും ശരിയാവുക. കാലിക്കറ്റ് നിര്‍ത്തിയെടുത്തുനിന്ന് കൊച്ചി തുടങ്ങിയെങ്കിലും അഹമ്മദാബാദും ഒട്ടും വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.

കരുത്തുറ്റ സ്മാഷുകളും ബ്ലോക്കുകളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോള്‍ ആദ്യ സെറ്റ് 10-15 എന്ന സ്‌കോറില്‍ അഹമ്മദാബാദ് കൊണ്ടു പോയി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച കൊച്ചി 11-15ന് സെറ്റ് പിടിച്ചു. മൂന്നാം സെറ്റില്‍ ഡിഫന്റേഴ്‌സ് 11-15 ന് സെറ്റ് നേടി വീണ്ടും തിരിച്ചു വരവ് നടത്തി. നാലാം സെറ്റില്‍ കൊച്ചിക്കാരുടെ വക അടിക്ക് തിരിച്ചടി 15- 12.

നിര്‍ണായകമായ അവസാന സെറ്റിലാണ് വോളി ബോള്‍ ആവേശത്തിന്റെ അലകടല്‍ കൊച്ചിയില്‍ ഇരമ്പിയത്. അടിയും തടയുമായി ഇരു ടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം ഒടുവില്‍ നിര്‍ണായക സെറ്റും വിജയവും 15-12 ന് സ്‌പൈക്കേഴ്‌സിന്റെ കൈകളില്‍.

ലീഗിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കാന്‍ കൊച്ചിക്കുവേണ്ടി നിറഞ്ഞ് കളിച്ചത് 10 പോയിന്റുകള്‍ നേടിയ അമേരിക്കന്‍ താരം ഡേവിഡ് ലീയാണ്. 9 പോയിന്റ് നേടിയ പ്രഭാകരനും 7 പോയിന്റുമായി മനു ജോസഫും ടീമിന് മികച്ച സംഭാവനകള്‍ നല്‍കി. മറുവശത്ത് 13 പോയിന്റ് നേടിയ വിക്ടര്‍ സിസോവാണ് അഹമ്മദാബാദിനായി കൂടുതല്‍ പോയിന്റുകള്‍ നേടിയത്.

error: Content is protected !!