നിലപാട് കടുപ്പിച്ച് ജോസഫ് ; കോട്ടയം സീറ്റ് ജോസഫിന് തന്നെ വേണമെന്ന് ആവശ്യം …

കേരളാകോണ്‍ഗ്രസിനകത്തെ അതൃപ്തി പരസ്യമാക്കി ജോസഫ് വിഭാഗം പുതിയ നീക്കവുമായി രംഗത്ത്. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തിൽ ലോക്സഭാ സീറ്റ് വേണമെന്ന നിലപാടിലാണ് ഇപ്പോൾ ജോസഫ് വിഭാഗം. ജോസ് കെ മാണിയുടെ  കേരളയാത്ര വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് നടക്കുന്നതെന്ന ആക്ഷേപം പി ജെ ജോസഫ് ഉന്നയിച്ചതിന് പിന്നാലെ  കേരളാ കോണ്‍ഗ്രസിനകത്തെ അതൃപ്തി പരസ്യമാക്കി ജോസഫ് വിഭാഗത്തിന്‍റെ അടുത്ത നീക്കം.

കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉഭയകക്ഷി ചർച്ചയിൽ കോട്ടയം മാത്രമായി ചുരുങ്ങിയാലും പിജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ജോസഫ് വിഭാഗം പിന്നോട്ടില്ല.  പിജെ ജോസഫ് കോട്ടയത്ത് മത്സരിക്കുന്നതാണ് നല്ലതെന്ന് മോൻസ് ജോസഫ് പറഞ്ഞു.

കോട്ടയം സീറ്റിലേക്ക് സ്റ്റീഫൻ ജോർജ് ഉൾപ്പടെയുള്ളവർ ശ്രമിക്കുമ്പോഴാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം. ഈമാസം 18 ന് സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിരിക്കുകയാണ്. അതിന് ശേഷമേ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങൂവെന്നാണ് മാണി വിഭാഗം വ്യക്തമാക്കുന്നത്. പി ജെ ജോസഫിന്‍റെ പേര് ഒരു മുഴം മുൻപേ എറിഞ്ഞ് കളം പിടിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം.

error: Content is protected !!