കാരാട്ട് റസാഖിന് എംഎൽഎ സ്ഥാനത്ത് തുടരാം …

കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന് എം എല്‍ എ ആയി തുടരാമെന്ന് സുപ്രീംകോടതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. എന്നാല്‍  എം എൽ എ എന്ന നിലയിൽ വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ലെന്നും കോടതി വ്യക്തമാക്കി.

വോട്ടർമാരായ കെ പി മുഹമ്മദും മൊയ്തീൻ കുഞ്ഞും നൽകിയ ഹർജിയിലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവിട്ടത്. ഈ വിധിയാണ് സുപ്രീംകോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

എം എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

error: Content is protected !!