ലോകകപ്പിൽ ഇന്ത്യക്ക് മുൻപിൽ തോൽക്കുന്നു എന്ന പേരുദോഷം മാറാൻ പോകുന്നു : മുൻ പാക് നായകൻ …

ഇന്ത്യയോട് ലോകകപ്പില്‍ തോല്‍ക്കുന്നവരെന്ന പേരുദോഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ തിരുത്തുമെന്ന് മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ മോയിന്‍ ഖാന്‍. ക്രിക്കറ്റ് ലോകകപ്പിനിടെ ആറ് തവണ മുഖാമുഖം വന്നപ്പോഴും ഒരുതവണ പോലും ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. ജൂണ്‍ 16ന് ഓള്‍ഡ് ട്രാഫോഡില്‍ വെച്ചാണ് ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ പോരാട്ടം.

‘ഇപ്പോഴത്തെ പാക്കിസ്ഥാന്‍ ടീം ലോകകപ്പ് വേദിയില്‍ ഇന്ത്യയ്‌ക്കെതിരെ ജയിക്കാന്‍ ശേഷിയുള്ളവരാണ്. ഒരു പിടി പ്രതിഭകള്‍ ഈ പാക് ടീമിലുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും വൈവിധ്യമുണ്ട്. മാത്രമല്ല, ക്യാപ്റ്റനെന്ന നിലയില്‍ സര്‍ഫ്രാസ് അഹമ്മദ് മുന്നില്‍ നിന്നു നയിക്കുന്നുണ്ട്’ മോയിന്‍ ഖാന്‍ ജി.ടി.വി ന്യൂസ് ചാനലിനോടു പറഞ്ഞു. പാക്കിസ്ഥാന്‍ കിരീടം നേടിയ 1992ലെ ലോകകപ്പിലും 1999 ലോകകപ്പിലും മോയിന്‍ ഖാന്‍ പാക് ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്.

‘രണ്ട് വര്‍ഷം മുമ്പ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് അനുകൂലവുമാണ്. അതുകൊണ്ടാണ് ഇന്ത്യയെ പാകിസ്താന്‍ ലോകകപ്പില്‍ തോല്‍പിക്കുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നത്’ മോയിന്‍ഖാന്‍ പറയുന്നു. ലോകകപ്പിന് മുമ്പ് മൂന്ന് ആഴ്ച്ചയെങ്കിലും ഇംഗ്ലണ്ടില്‍ പരിശീലനം നടത്തണമെന്നും ഇത് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കളിക്കാരെ സഹായിക്കുമെന്നും മോയിന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!