സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുണ്യം പകർന്ന് എളയാവൂർ സി എച് എം വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ

എളയാവൂർ പാലിയേറ്റീവ് ഇൻ സാന്ത്വന കേന്ദ്രത്തിലേക്ക് സി എച് മെമ്മോറിയൽ വിമൻസ് കോളേജിൽ നിന്നും വിദ്യാർത്ഥിനികളെത്തി. അന്തേവാസികൾക് ഊഷ്മളമായ സ്നേഹാദരം നൽകി. നിരാലംബരായ ഒട്ടനവധി രോഗികളാണ് സ്ഥാപനത്തിലുള്ളത്. പഠനത്തിന്റെ ഭാഗമായുള്ള സാമൂഹ്യ സേവന ദൗത്യവുമായാണ് വിദ്യാർത്ഥിനികൾ ‘പാലിയേറ്റീവ് ഇൻ’ സന്ദർശിച്ചത്.

ജാതിമത ഭേദമന്യേ അർഹരായ സാധുകൾക്ക് പരിചരണം നൽകി വരുന്ന കണ്ണൂരിലെ മുൻനിര സ്ഥാപനമാണ് എളയാവൂർ സി എച് സെന്റർ. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർക്കും, മാരക രോഗങ്ങളാൽ ശയ്യാവലംബരായി പരാശ്രയം തേടുന്ന ഹതഭാഗ്യരുടെയും ആശ്രയ കേന്ദ്രമാണ് കേരളത്തിലെ മിക്ക സി എച് സെന്ററുകളും. ആ ശ്രേണിയിൽ എടുത്തു പറയേണ്ട സ്ഥാപനം തന്നെയാണ് എളയാവൂർ സി എച് സെന്റർ. സ്ഥാപനത്തിൽ അന്തേവാസികളെ സന്ദർശിക്കുകയും അവരുടെ നീറുന്ന ജീവിത യാഥാർത്ഥ്യങ്ങൾ വിദ്യാർത്ഥിനികൾ പങ്കുവെക്കുകയും ചെയ്തു. തങ്ങളെ കാണാൻ വന്ന വിദ്യാർത്ഥിനികളുടെ സാമീപ്യത്താൽ അന്തേവാസികൾ ഏറെ സന്തുഷ്ടരായി. ഖദീജുമ്മയും, മേരിയമ്മയും,വാസു വേട്ടനും, നാരായണിയമ്മയും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടവരായി മാറി.

കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പൾ എം.മുസ്തഫ മാസ്റ്റർ പാഠഭാഗത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് സാമൂഹ്യ സേവനവും രോഗികളുടെ പരിചരണവും എന്ന വിഷയത്തേ സംബന്ധിച്ച് ക്ലാസെടുക്കുന്ന സമയത്താണ് കോളേജിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സെന്ററിനെ കുറിച്ച് പ്രതിപാദിച്ചത്. ഇത് ഗ്രഹിച്ച കുട്ടികളുടെ മനസ്സിൽ ഉടലെടുത്ത ചിന്തയുടെ ഭാഗമായാണ്  സി.എച്ച്.സെന്റർ സന്ദർശിക്കാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചത്. അധ്യാപികമാരോടൊപ്പം എത്തിചേർന്ന വിദ്യാർത്ഥിനികൾ അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഉച്ച ഭക്ഷണത്തിൽ പലവിഭവങ്ങളും വിദ്യാർത്ഥിനികൾ വീട്ടിൽ നിന്ന് പാകം ചെയ്തു കൊണ്ട് വരികയും ചെയ്തു.

തുടർന്ന് സി.എച്ച്.സെന്റർ അങ്കണത്തിൽ നടത്തിയ സ്നേഹ സംഗമത്തിൽ വിദ്യാർത്ഥികൾ സാന്ത്വന കേന്ദ്രത്തിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും അന്തേവാസികൾക്കുള്ള സ്നേഹ സമ്മാനങ്ങളും നൽകി.കുട്ടികൾ തന്നെയാണ്  ഇതിനായുള്ള തുക സ്വരൂപിച്ചത്. അധ്യാപികമാരായ രഹന, റീന, റാഹില എന്നിവർ നേതൃത്വം നൽകി.

സി.എച്ച്.സെന്ററിലെത്തിയ കുട്ടികളേയും അധ്യാപകരേയും ഭാരവാഹികളായ സി.എച്ച്.മുഹമ്മദ് അഷ്റഫ് ,കെ.എം.ഷംസുദ്ദീൻ, എൻ.കെ.മഹമൂദ്, ആർ.എം. ഷബീർ, എം.അബ്ദുൾ ഖാദർ, എൻ.പി.ഷബീർ, ടി.പി.സുബൈർ ജീവനക്കാരായ അക്രം പള്ളിപ്രം, അബ്ദുള്ള മൗവ്വഞ്ചേരി, ജമീഷ തുടങ്ങിയവർ സ്വീകരിച്ചു.
സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട രോഗികളായ പാവങ്ങളുടെ പരിചരണം തങ്ങളുടെ ബാധ്യതയാണെന്ന ബോധ്യത്തോടെയായിരുന്നു വിദ്യാർത്ഥിനികളുടെ മടക്കം.

error: Content is protected !!