വിധി ആവർത്തിച്ച് സുപ്രീം കോടതി ; കെ.എം ഷാജിക്ക് നിയമസഭയിൽ പങ്കെടുക്കാം,ശമ്പളം ലഭിക്കില്ല…

അഴീക്കോട് എംഎല്‍എ  കെ എം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന മുൻ ഉത്തരവ് അവർത്തിച്ച് സുപ്രീംകോടതി. എന്നാല്‍, ശമ്പളം, അനൂകൂല്യങ്ങൾ, എന്നിവ കൈപ്പറ്റാൻ കഴിയില്ല. നിയമസഭ വോട്ടെടുപ്പിൽ പങ്കെടുക്കാനും സാധിക്കില്ല.

നേരത്തെ, കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. സമ്പൂർണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് കെ  എം ഷാജി സുപ്രീകോടതിയിലെത്തിയത് .

അതേസമയം, കെ എം ഷാജിയെ അയോഗ്യനാകാൻ ഇടയായ നോട്ടീസ് പോലീസ് കണ്ടെടുത്തതല്ലെന്ന രേഖകൾ പുറത്ത് വന്നിരുന്നു. വളപട്ടണം പൊലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഷാജിക്കെതിരെ നടപടി വന്നത്.

error: Content is protected !!