ശബരിമല: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ശബരിമലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ശബരിമലയിൽ ഇത്തരമൊരു നിരീക്ഷണ സമിതി പ്രായോഗികമല്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തിരിക്കുന്നത്.

ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ഇതേത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിയ്ക്ക് രൂപം നൽകിയത്. ജസ്റ്റിസുമാരായ പി.ആർ.രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ശബരിമലയിൽ ഇപ്പോഴത്തെ സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചൊവ്വാഴ്ച സംഘം ശബരിമലയിലെത്തിയിരുന്നു. തീർഥാടകർക്കുള്ള സൗകര്യങ്ങളിൽ പൊതുവേ തൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.

സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്തിന്?

നിരീക്ഷക സമിതി ഈ ആഴ്ച റിപ്പോർ‍ട്ട് സമർപ്പിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമർപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ നാൽപതോളം ഹർജികളുണ്ട്. പൊലീസ് നിയന്ത്രണങ്ങൾ പിൻവലിയ്ക്കണമെന്നും മിക്ക ഹർജികളിലും ആവശ്യമുണ്ട്. ഈ ഹർജികളെല്ലാം സുപ്രീംകോടതി പരിഗണിയ്ക്കണമെന്ന് നേരത്തേ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്.

സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഹർജികൾ ഹൈക്കോടതിയിലല്ല, സുപ്രീംകോടതിയാണ് പരിഗണിയ്ക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിയ്ക്കുന്നത്.

error: Content is protected !!