പശുവിനെ ഒരു മുസ്‌ലിം കശാപ്പ് ചെയ്താല്‍? വിവാദമായി എല്‍.എല്‍.ബി ചോദ്യപേപ്പര്‍

മുസ്‌ലിമായ അഹമ്മദ്, മാര്‍ക്കറ്റില്‍ വെച്ച് ഹിന്ദുക്കളായ രോഹിത്, തുശാര്‍, മാനവ്, രാഹുല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നു. ഇവിടെ അഹമ്മദ് എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടോ? ഡല്‍ഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയിലെ മൂന്നാം സെമസ്റ്റര്‍ നിയമ പരീക്ഷക്ക് വന്ന ചോദ്യമാണിത്. കുറ്റകൃത്യവും നിയമവും-1 എന്ന വിഷയത്തില്‍ ഡിസംബര്‍ ഏഴിനായിരുന്നു പരീക്ഷ നടന്നത്. ചോദ്യ പേപ്പറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സര്‍വകലാശാലക്ക് ഇടപെടേണ്ടി വന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സര്‍വകലാശാല, ഒടുവില്‍ വിവാദ ചോദ്യം പിന്‍വലിച്ചു.

വിവാദ ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഉത്തരം പരിശോധിക്കില്ലെ ന്നും വ്യക്തമാക്കി. അതേസമയം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. വിചിത്രമായ സംഭവമാണിത്, സമൂഹത്തിലെ ഐക്യത്തിന് കോട്ടം വരുത്തുന്ന ഇത്തരം വിഷയങ്ങളുമായി സഹകരിക്കാനാവില്ലെന്നും പരിശോധിക്കാന്‍ ഉത്തരവിടുന്നതായും പ്രഖ്യാപിച്ച മന്ത്രി കുറ്റം തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. അതേസമയം ചോദ്യപേപ്പര്‍ തയ്യാറാക്കിയത് സര്‍വകലാശാലയാണെന്നും വിഷയത്തില്‍ തനിക്കൊന്നും വ്യക്തമാക്കാനില്ലെന്നും പരീക്ഷ നടന്ന ചന്ദ്രപ്രഭു ജെയിന്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ബിലാല്‍ അന്‍വര്‍ ഖാന്‍ എന്ന സുപ്രീംകോടതി അഭിഭാഷകനാണ് വിവാദ ചോദ്യപേപ്പറിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചോദ്യപേപ്പറിനും സര്‍വകലാശാലക്കു മെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് സര്‍വകലാശാല പ്രതികരണവുമായി രംഗത്ത് എത്തിയത്.

error: Content is protected !!