കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കെ.എസ്.ആർ.ടി.സി  ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

കണ്ണൂർ വിമാനത്താവളത്തെ കണ്ണൂർ നഗരവുമായി ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് വിമാനത്താവളത്തിൽ കിയാൽ എം.ഡി വി. തുളസീദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ കണ്ണൂരിൽനിന്ന് മട്ടന്നൂർ വഴി വിമാനത്താവളത്തിലേക്കും തിരിച്ച് വിമാനത്താവളത്തിൽനിന്ന് തലശ്ശേരി വഴി കണ്ണൂരിലേക്കുമാണ് സർവീസ്.
രാവിലെ 8.30ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന ബസ് 9.30ന് മട്ടന്നൂർ ബസ്‌സ്റ്റാൻറിലും 9.55ന് വിമാനത്താവളത്തിലുമെത്തും. 10 മണിക്ക് വിമാനത്താവളത്തിൽനിന്ന് തിരിച്ച് 11.15ന് തലശ്ശേരിയിലും 12.25ന് കണ്ണൂരിലുമെത്തും. ഉച്ച 2.30ന് കണ്ണൂരിൽനിന്ന് തുടങ്ങി നാലിന് ഇരിട്ടിയിലെത്തുന്ന ബസ് അഞ്ച് മണിക്ക് വിമാനത്താവളത്തിലെത്തും. തിരികെ 5.20ന് വിമാനത്താവളത്തിൽനിന്ന് തുടങ്ങി 6.40ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് ഷെഡ്യൂൾ. 40 സീറ്റുള്ള ജൻറം ലോ ഫ്‌ളോർ ബസാണ് സർവീസ് നടത്തുന്നത്.
കിയാൽ ജീവനക്കാരെ ഉദ്ദേശിച്ചാണ് ഈ സർവീസ്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയാൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ തുടങ്ങും. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ മട്ടന്നൂർ നഗരസഭാ ചെയർപേഴ്‌സൻ പി അനിത വേണു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജൻ, മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ ഭാസ്‌കരൻ മാസ്റ്റർ, കെ.എ. ഗംഗാധരൻ, കെ.എസ്.ആർ.ടി.സി ഡി.ടി.ഒ കെ. പ്രദീപൻ, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
error: Content is protected !!