ഉദ്ഘാടന ദിവസം പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടന ദിനമായ ഡിസംബര്‍ ഒന്‍പതിന് പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും. അബൂദബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനു പുറമെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കിയാല്‍ ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാവുക. കൂടാതെ ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാവും.
12.20ഓടെ ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന ഗോ എയര്‍ വിമാനവും കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് വൈകിട്ട് മൂന്നു മണിക്കാണ് ഈ വിമാനം തിരുവനന്തപുരത്തേക്ക് തിരിക്കുക. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മനോഹരമായ ഏപ്രണില്‍ ഇത്രയേറെ വിമാനങ്ങള്‍ ഒന്നിച്ച് നിര്‍ത്തിയിട്ടിരിക്കുന്നത് കൗതുകകരമായ കാഴ്ചയാവും.
error: Content is protected !!