ബാലുശ്ശേരിയില്‍ വീട്ടില്‍ കള്ളനോട്ടടി; മൂന്ന് പേര്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ കള്ളനോട്ടടി സംഘം പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി പോസ്റ്റ് ഓഫിസ് റോഡിലെ മീത്തലെ മണഞ്ചേരി രാജേഷ് കുമാര്‍ (മുത്തു 45), എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍ബര്‍ട്ട് (അച്ചായന്‍ 43), നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരാണ് പിടിയിലായത്. രാജേഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഒന്നാം നിലയിലാണ് അച്ചടിയന്ത്രവും നോട്ടടിക്കാനാവശ്യമായ പേപ്പറുകളും മഷിയും മറ്റും സൂക്ഷിച്ചത്. 2000, 500 രൂപയുടെ നോട്ടുകളാണ് അച്ചടിച്ചത്. കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. അച്ചടിക്കാന്‍ 200 ഷീറ്റുകളടങ്ങളിയ 74 കെട്ട് പേപ്പറുകള്‍ കണ്ടെടുത്തു. അച്ചടിച്ചവ വിതരണം നടത്തിയോ എന്നത് വ്യക്തമല്ല.

രാജേഷ് കുമാര്‍ ബഹ്‌റൈനില്‍ നിന്ന് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. വയനാട്ടിലെ ചെതലയത്ത് മാന്‍വേട്ട കേസില്‍പെട്ട് കോഴിക്കോട് ജില്ല സബ്ജയിലിലായി. അവിടെവെച്ചാണ് വില്‍ബര്‍ട്ടിനെയും വൈശാഖിനെയും പരിചയപ്പെട്ടത്. കള്ളനോട്ടടി കേസ് പ്രതിയായിരുന്നു വില്‍ബര്‍ട്ട്. വൈശാഖ് കുറ്റിയാടി സ്‌ഫോടന കേസ് പ്രതിയും. പ്രതികള്‍ ജാമ്യത്തിലിറങ്ങിയശേഷം രാജേഷ് കുമാറുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയാണ് കള്ളനോട്ടടി ആസൂത്രണം ചെയ്തത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഒന്നരയോടെയാണ് ബാലുശ്ശേരി സി.ഐ കെ. സുഷീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട് വളഞ്ഞത്. ഈ സമയം സംഘം അകത്തുണ്ടായിരുന്നു. രാജേഷ്‌കുമാര്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്തി. ജില്ല ക്രൈംബ്രാഞ്ച് ബ്യൂറോ സയന്റിഫിക് ഓഫിസര്‍ വി. വിനീതിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കള്ളനോട്ടടി യന്ത്രവും അനുബന്ധ സാമഗ്രികളും സ്‌റ്റേഷനിലേക്ക് മാറ്റിയശേഷം വീട് സീല്‍ ചെയ്തു.

error: Content is protected !!