ശബരിമല; എ എൻ രാധാകൃഷ്ണന് പകരം സി കെ പദ്മനാഭൻ നിരാഹാര സമരം ഏറ്റെടുത്തു

ശബരിമല വിഷയത്തില്‍ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന് പകരം സി കെ പദ്മനാഭൻ നിരാഹാര സമരം ഏറ്റെടുത്തു.  സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം പദ്മനാഭന്‍ ഏറ്റെടുത്തത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്. എട്ട് ദിവസമായി രാധാകൃഷ്ണന്‍ നിരാഹര സമരത്തിലാണ്.

കെ സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിരാഹാര സമരം. അതേസമയം ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ച് ബി ജെ പി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

എ എന്‍ രാധാകൃഷ്ണന്‍റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാന വ്യപാകമായി പ്രതിഷേധദിനം ആചരിച്ചു. കളക്ടറേറ്റുകളിലേക്ക് പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു.സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലില്‍ പിന്തുണയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പി സി ജോര്‍ജ്ജ് എം എല്‍ എയുമെത്തി. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം മുഖ്യമന്ത്രിയെ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ബി ജെ പി ആരോപിച്ചു.

അതേസമയം, പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോട്ടയത്ത് റോഡിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ച ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

 

error: Content is protected !!