നറുക്കെടുപ്പ്; ഒന്നാം സമ്മാനം കൃഷിസ്ഥലം, പിന്നെ പശുവും ആടും കോഴിയും

ഉത്സവാഘോഷങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ സമ്മാനക്കൂപ്പണുകളുമായി ജനങ്ങളെ സമീപിക്കുക പതിവാണ്. കാറും ബുള്ളറ്റും സ്കൂട്ടറുകളും മറ്റുമായി നിരവധി സമ്മാനങ്ങളും നൽകാറുണ്ട്. എന്നാൽ വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്രം കുടക്കത്ത് കാഴ്ചക്കമ്മിറ്റി ഇത്തവണ വ്യത്യസ്ത സമ്മാനങ്ങളാണ് ലക്കി കൂപ്പണിലൂടെ നൽകുന്നത്.

ഒന്നാം സമ്മാനം അഞ്ച് സെന്റ് കൃഷിസ്ഥലമാണ്. രണ്ടാം സമ്മാനം പശു, പോത്ത്, മൂന്നാമത് ആട്, നാലാമത് കോഴിയും കൂടും.

മതമൈത്രിക്ക് പേരുകേട്ട ക്ഷേത്രത്തിലെ ഫണ്ട് പിരിവ് കൂപ്പണിൽ ഒന്നാം സമ്മാനമായി അഞ്ച് സെന്റ് കൃഷി സ്ഥലം നൽകുന്നത് മൂന്ന് മുസ്ലീം സഹോദരങ്ങളാണ്. സമ്മാനങ്ങൾ ഭൂരിഭാഗവും സ്പോൺസർ ചെയ്തതതും പ്രദേശത്തെ മുസ്ലീങ്ങളുടെ സ്ഥാപനങ്ങളാണ്.  ക്ഷേത്രം കളിയാട്ട വേളയിൽ മുഴുവൻ കമ്മിറ്റിയംഗങ്ങളും കൈത്തറി വസ്ത്രമാണ് ധരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സംസ്ഥാനം പ്രളയ ദുരന്തം നേരിട്ടപ്പോൾ ക്ഷേത്ര കമ്മിറ്റി ഒന്നര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 2019 ജനുവരി ഒന്നുമുതൽ ഫെബ്രുവരി നാലുവരെയാണ് കളിയാട്ടം. ജനുവരി മൂന്നിന് പകൽ രണ്ടിന് കുടക്കത്ത് ക്ഷേത്രത്തിൽവച്ച് കൂപ്പൺ നറുക്കെടുക്കും.

error: Content is protected !!