മണ്ഡല-മകര വിളക്ക് കാലത്തേക്ക് 15000 പൊലീസുകാരെ നിയമിക്കും

കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനായും തിരക്ക് നിയന്ത്രിക്കുന്നതിനായും ശബരിമലയില്‍ മണ്ഡല-മകര വിളക്ക് കാലത്തേക്ക് 15059 പൊലീസുകാരെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേക ആകാശ നിരീക്ഷണവും അക്രമമുണ്ടാക്കുന്നവരെ തിരിച്ചറിയാന്‍ പ്രത്യേക സോഫ്റ്റ്‌വെയറുകളും അടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പല ഘട്ടങ്ങളായാണ് പൊലീസുകാരെ നിയമിക്കുക. നവംബര്‍ 14 മുതല്‍ ജനുവരി 16 വരെയാണ് ക്രമീകരണങ്ങളുണ്ടാവുക. ഓരോഘട്ടത്തിലും ശബരിമലയില്‍ നാലായിരത്തോളം പൊലീസുകാര്‍ക്ക് ചുമതലയുണ്ടാകും. കൂടാതെ, റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെയും നിയമിക്കും.

പ്രതിഷേധക്കാരെ നേരിടുന്നതിനായി ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും അക്രമികളുടെ മുഖം തിരിച്ചറിയുന്നതിനടക്കം പ്രത്യേക സോഫ്റ്റ്‌വെയറുകളും പൊലീസിന് സഹായത്തിന് ഉണ്ടാവും. പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര-മരക്കൂട്ടം, സന്നിധാനം, ആകാശ നിരീക്ഷണം എന്നിങ്ങനെ നാല് മേഖലകളിലായാണ് ശബരിമലയിലും പരിസരത്തും സുരക്ഷ ഒരുക്കുക.

യുവതീപ്രവേശനം തടയാനുള്ള പ്രക്ഷോഭങ്ങളുടെ മറവില്‍, തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ ശബരിമലയില്‍ എത്താനിടയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് ഗവണ്‍മെന്റിന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആചാര സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും അയ്യപ്പ ഭക്തരുടെ സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

error: Content is protected !!