മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമാകുന്നു

കണ്ണൂര്‍ : കാര്‍ഷിക മേഖലയില്‍ പുതിയ ചുവടുകളുമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനക്ക് ജില്ലയില്‍ തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ഗ്രാമവികസനവകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്കുമായി നടന്ന ഏകദിന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. നെല്‍കൃഷി വീണ്ടെടുക്കുകയും തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ലേബര്‍ ബാങ്കുകള്‍ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത് തലത്തില്‍ സ്ത്രീകളുടെ സംഘങ്ങള്‍ രൂപീകരിക്കുകയും അവര്‍ക്ക് ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കുറഞ്ഞത് 40 ദിവസം പണിയെടുത്തവരും 18നും 55നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് ലേബര്‍ ബേങ്കുകള്‍ രൂപീകരിക്കുന്നത്.

ഞാറ്റടി തയ്യാറാക്കല്‍, ഞാറ് പറിച്ച് നടല്‍, കള നീക്കല്‍, മെതിക്കല്‍ എന്നിവയ്ക്കുള്ള യന്ത്രങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലേബര്‍ ബേങ്കുകള്‍ക്ക് നല്‍കുക. നെല്‍കൃഷിക്കു പുറമേ തെങ്ങ് കയറ്റ പരിശീലനം, ഗ്രോബാഗ് നിര്‍മ്മാണം, പച്ചക്കറി കൃഷി, ജൈവ വളം നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഹരിത കേരള മിഷന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യ ലഘൂകരണ യൂനിറ്റാണ് ജില്ലാ തലത്തില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല അധ്യക്ഷത വഹിച്ചു. എം കെ എസ് പി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സി വി ജോയ്, സാങ്കേതിക പരിശീലന സ്ഥാപനമായ മൈത്രിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിനോദ്, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, എ പി ഒ ഏ ജി ഇന്ദിര, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!