മലയാളികള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി ഐഎഫ്‌എഫ്‌ഐ സംഘാടകന്‍

ഗോവയില്‍ പുരോഗമിക്കുന്ന ഇന്ത്യയുടെ 49-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ക്യൂ മറികടന്ന്‌ അധികൃതര്‍ പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധവും ചെറിയ തോതില്‍ സംഘര്‍ഘവും. ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പിലുള്ള ഡാനിഷ്‌ ചിത്രം ‘ദി ഗില്‍റ്റി’യുടെ, കലാ അക്കാദമിയില്‍ ഇന്ന്‌ നടന്ന പ്രദര്‍ശനത്തിനിടെയായിരുന്നു പ്രതിഷേധം.

പ്രദര്‍ശനത്തിന്‌ മണിക്കൂറുകള്‍ മുന്‍പ്‌ ക്യൂ നിന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവര്‍ക്ക്‌ സംഘാടകര്‍ പ്രവേശനം നല്‍കിയതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. ക്യൂവില്‍ നിന്നിട്ടും പ്രവേശനം ലഭിക്കാത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചപ്പോഴായിരുന്നു സംഘാടകരില്‍ ഒരാളായ രാജേന്ദ്ര തലാഖ്‌ മലയാളികള്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയത്‌.

‘നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന്‌ എനിക്കറിയാം. തിരിച്ചുപോകുന്നതാണ്‌ നല്ലത്‌’ എന്നായിരുന്നു എതിര്‍പ്പുയര്‍ത്തിയവരില്‍ ഉള്‍പ്പെട്ട മലയാളി സംവിധായകന്‍ കമാല്‍ കെ എമ്മിനോട്‌ രാജേന്ദ്ര തലാഖ്‌ പറഞ്ഞത്‌. എന്റര്‍ടെയ്‌ന്‍മെന്റ്‌ സൊസൈറ്റ്‌ ഓഫ്‌ ഗോവയുടെ വൈസ്‌ ചെയര്‍മാനും മേളയുടെ പ്രധാന സംഘാടകരില്‍ ഒരാളുമായ രാജേന്ദ്ര തലാഖിന്റെ പ്രസ്‌താവന മലയാളികളായ ഡെലിഗേറ്റുകളില്‍ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.

സംഭവത്തില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ സൊസൈറ്റ്‌ ഓഫ്‌ ഗോവയുടെ ചെയര്‍മാന്‌ കമാല്‍ പരാതി കൊടുത്തിട്ടുണ്ടെന്ന്‌ ഗോവ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന സംവിധായകന്‍ ഡോ. ബിജു  പറഞ്ഞു.

“സംഭവം നടക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ അപ്പുറത്ത്‌ മറ്റൊരു സിനിമയ്‌ക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ നില്‍ക്കുകയായിരുന്നു. ഈ വൈസ്‌ ചെയര്‍മാന്‍ ഒരു ഫിലിംമേക്കര്‍ കൂടിയാണ്‌. അതാണ്‌ തമാശ”. ഇടത്‌ അനുഭാവമുള്ള സിനിമാ സംവിധായകരെ തെരഞ്ഞുപിടിച്ച്‌ അവഗണിക്കാനുള്ള ശ്രമമുണ്ടെന്നും ഡോ; ബിജു പറയുന്നു.

“ഉജ്ജ്വല്‍ ചാറ്റര്‍ജി എന്ന ഒരു ജൂറി അംഗം നേരത്തേ പറഞ്ഞിരുന്നു, ‘ദേശവിരുദ്ധ’മായ കുറേ സിനിമകള്‍ ഇത്തവണത്തെ മേളയില്‍ നിന്ന്‌ തങ്ങള്‍ ഒഴിവാക്കിയെന്ന്‌. ഐഎഫ്‌എഫ്‌ഐ ഇന്ത്യയുടെ ദേശീയ ചലച്ചിത്രോത്സവമായതുകൊണ്ട്‌ അവിടെ ‘ദേശവിരുദ്ധ’മായ സിനിമകളൊന്നും വേണ്ടെന്ന്‌. മലയാളത്തില്‍ നിന്ന്‌ വന്ന സിനിമകളില്‍ കൂടുതലും നക്‌സല്‍, കമ്യൂണിസ്‌റ്റ്‌ സിനിമകള്‍ ആയിരുന്നുവെന്നും അയാള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌”, ഡോ: ബിജു പറഞ്ഞവസാനിപ്പിക്കുന്നു.

error: Content is protected !!