തരംഗമായി കണ്ണൂരിലും യൂണി സൈക്കിള്‍ 

സാധാരണ നാട്ടിന്‍ പുറങ്ങളില്‍ കാണാത്ത ഒരു കാഴ്ച്ചയായിരുന്നു കുറച്ചു ദിവസമായി കണ്ണൂര്‍ പഴയങ്ങാടിക്ക് സമീപം കൊട്ടില എന്ന ഗ്രാമത്തില്‍ കണ്ടു വന്നത്. ഒറ്റ നോട്ടത്തില്‍ ഒരു പെണ്‍കുട്ടി റോഡിലൂടെ കുതിച്ചു പോകുന്നു. വാഹനം ഒന്നും കാണാനുമില്ല. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതാ കാണുന്നു ഒരു ടയര്‍ മാത്രം. അതില്‍ കയറി നിന്നാണ് അവള്‍ കുതിച്ചു പായുന്നത്. എന്താണ് ഇത് എന്ന കൌതുകം കാണുന്നവരില്‍. പലരും വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായി. ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

ഇതോടെ ഈ വാഹനം എന്താണ് എന്ന അറിയാനുള്ള ആകാംക്ഷയായി. ഒടുവില്‍ മനസിലായി. ഇതാണ് യൂണി സൈക്കിള്‍. ഒറ്റ ചക്രം മാത്രമുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞന്‍ വാഹനം. വിദേശ രാജ്യങ്ങളില്‍ ഇത് സാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ ഇത് അപൂര്‍വ്വ കാഴ്ചയാണ്. ഒറ്റ ചാര്‍ജ്ജിങ്ങില്‍ 60 മിനുട്ട് വരെ സഞ്ചരിക്കാം. 22 കിലോമീറ്റര്‍ വരെ ഒരു മണിക്കൂറില്‍ സഞ്ചരിക്കാം.

മൊബൈലുമായി കണക്റ്റ് ചെയ്ത് പ്രാധാന നിര്‍ദേശങ്ങള്‍ നല്‍കുവാനും കഴിയും. ഇത് പൂര്‍ണ്ണമായും വാട്ടര്‍ പ്രൂഫുമാണ്. ഒറ്റ ചക്രം മാത്രമുള്ളത് കൊണ്ട് ബാലന്‍സിംഗ് പഠിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ആയേക്കാം. എന്നാല്‍ തുടക്കക്കാര്‍ക്ക് വേണ്ടി ഇരു ഭാഗത്തും ബാലന്‍സിംഗ് വീല്‍ ഘടിപ്പിച്ച യൂണി’സൈക്കിളും ലഭ്യമാണ്. 40000 രൂപയാണ് ഇതിന്റെ വിപണി വില.

error: Content is protected !!