ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം

ത്രിപുരയില്‍ നടന്ന ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍. 130 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജി.കാമേശ്വര റാവു വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് നടന്ന ഏഴില്‍ അഞ്ച് പഞ്ചായത്ത് സമിതികളിലും ബി.ജെ.പിയും സഖ്യകക്ഷിയായ ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ടുമാണ് വിജയിച്ചത്. പ്രതിപക്ഷമായ കോണ്‍ഗ്രസും സി.പി.എമ്മും നാല് സീറ്റുകളില്‍ വീതം വിജയിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബി.ജെ.പി അട്ടിമറിച്ചെന്നും സംസ്ഥാനത്ത് നടന്നത് വെറും നാടകമാണെന്നും സി.പി.ഐ.എം ആരോപിച്ചു. കായികശക്തി ഉപയോഗിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് കോണ്‍ഗ്രസും ആരോപിച്ചു. സംസ്ഥാനത്തെ 3207 പഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഇതില്‍ 96 ശതമാനം സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരുണ്ടായിരുന്നില്ല. ബാക്കിയുണ്ടായിരുന്ന 136 സീറ്റുകളിലേക്കാണ് സെപ്തംബര്‍ 30ന് തിരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തിന്റെ എവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തികച്ചും സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് സീറ്റുകളിലേക്ക് ഒക്ടോബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നും കാമേശ്വര റാവു പറഞ്ഞു.

error: Content is protected !!