പോലിസ് കമെമ്മൊറേഷൻ ഡേ; മിനി മാരത്തൺ സംഘടിപ്പിച്ചു

പോലിസ് സേനയിലെ രക്‌സാക്ഷികളെ അനുസ്മരിക്കുന്ന കമെമ്മൊറേഷൻ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തൺ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം ഫ്‌ളാഗ് ഓഫ് ചെയ്തു. പാപ്പിനിശ്ശേരിയിൽ നിന്ന് പോലിസ് മൈതാനിയിലേക്ക് നടത്തിയ 10 കിലോമീറ്റർ മാരത്തണിൽ ജില്ലാ പോലിസ് മേധാവിക്കു പുറമെ, അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ, തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോൺ, ലഫ്. കേണൽ വിജയ്കുമാർ ഷാ, കെ കെ സിൻഹ, പോലിസ് സേനാംഗങ്ങൾ, ടെറിറ്റോറിയൽ ആർമി, ഡിഎസ് സി, സിആർപിഎഫ് അംഗങ്ങൾ, പാനൂർ ജനമൈത്രി അംഗങ്ങൾ തുടങ്ങി 300ലേറെ പേർ പങ്കെടുത്തു.
രാവിലെ 6.30ന് ആരംഭിച്ച മാരത്തൺ 7.45ഓടെ സമാപിച്ചു. പുരുഷവിഭാഗത്തിൽ ടിഎ ബറ്റാലിയനിലെ കെ ഹരി, കെഎപി നാലാം ബറ്റാലിയനിലെ ഇബ്രാഹിംകുട്ടി, കെ വി ഷൈജു, വനിതാവിഭാഗത്തിൽ പാനൂർ ജനമൈത്രി അംഗങ്ങളായ വർഷ, ആദിത്യ, കണ്ണൂർ വനിതാ സെല്ലിലെ സിന്ധു എന്നിവർ വിജയിച്ചു. പോലിസ് മൈതാനിയിൽ നടന്ന സമാപനച്ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം എസ്പി ജി ശിവവിക്രം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പോലിസ് ആസ്ഥാനം ഡെപ്യൂട്ടി കമാണ്ടന്റ് പി എസ് സുരേഷ് കുമാർ സംസാരിച്ചു.
പോലിസ് രക്തസാക്ഷി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 19ന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ നിന്ന് വടകര വരെയും തിരിച്ച് പോലിസ് മൈതാനം വരെയും സൈക്കിൾ റാലി സംഘടിപ്പിച്ചിരുന്നു. 100 കിലോമീറ്റർ റാലിയിൽ നൂറോളം പേർ പങ്കെടുത്തു.
നാളെ (ഒക്ടോബർ 21) രാവിലെ എട്ടു മണിക്ക് കണ്ണൂർ പോലിസ് മൈതാനത്ത് കമെമ്മൊറേഷൻ ആചരണ പരിപാടികൾ നടക്കും.
  
error: Content is protected !!