പുതുമ തേടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍

കണ്ണൂര്‍ വിമാനത്താവളം സജീവമാകുന്നതോടെ സംസ്ഥാനത്തെ പ്രധാന റെയിൽവേ സ‌്റ്റേഷനായി  കണ്ണൂർ മാറും.  ഉത്തരമലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർക്ക‌് പുറമെ വിനോദ സഞ്ചാരികളുടെ ഒഴുക്കും വർധിക്കും.  ചരക്ക‌് ഗതാഗതവും പതിന്മടങ്ങ‌് വർധിക്കും. കണ്ണൂരിലെ കാഴ‌്ചകൾ കണ്ടു മംഗളൂരു വഴി   ഗോവയിലേക്ക‌് പോകാൻ വിമാനമെന്നതുപോലെ റെയിൽവേയും ഉപയോഗപ്പെടുത്താനാവും.
കണ്ണൂരിൽനിന്ന‌്  മണിക്കൂറുകൾകൊണ്ട‌് ട്രെയിൻ വഴി മംഗളൂരുവിലും ഗോവയിലുമെത്താം. രാത്രിയാത്രക്കുള്ള ട്രെയിനുകൾ ലഭിച്ചാൽ  വിനോദ സഞ്ചാരികൾക്ക‌്   ഏറെ സൗകര്യമാകും. വടക്കോട്ടും തെക്കോട്ടും   ഒരുപോലെ യാത്രക്കാർ വർധിക്കും.  അതിനനുസരിച്ചുള്ള വികസനമാണ‌്  ഇനി വേണ്ടത‌്. മൂർഖൻപറമ്പ‌്  വിമാനത്താവളം , അഴീക്കൽ പോർട‌്,   മൈസൂരു തുടങ്ങിയ പുതിയപാതകളുടെ സാധ്യതകൾകൂടി കണക്കിലെടുക്കുമ്പോൾ കണ്ണൂർ ഭാവിയിൽ ജങ‌്ഷനായി വളരുമെന്ന‌് ഉറപ്പാണ‌്.
 ഭാവി വികസന സാധ്യതകൾകൂടി കണ്ടുകൊണ്ടുള്ള  വികസനപദ്ധതികളാണ‌്  കണ്ണൂർ റെയിൽവേ സ‌്റ്റേഷനുവേണ്ടി രൂപപ്പെടുത്തേണ്ടത‌്. തൊട്ടടുത്തുള്ള  കണ്ണൂർ സൗത്തിനെ കൊച്ചുവേളി മാതൃകയിൽ വികസിപ്പിക്കാനാവും. നഗരത്തിലേക്കുള്ള തിരക്ക‌് കുറയ‌്ക്കാനും വിമാനത്താവളത്തിൽനിന്ന‌് വരുന്നവരുടെ യാത്രാദൈർഘ്യം കുറയ‌്ക്കാനും അതുവഴി കഴിയും.
നേരത്തെ പ്രഖ്യാപിച്ച പിറ്റ‌് ലൈൻ സ്ഥാപിച്ചാലേ പുതിയ വണ്ടികൾ  ആരംഭിക്കാനാകൂ.  കണ്ണൂരിൽ നിർമിക്കുന്ന നാലാം നമ്പർ പ്ലാറ്റ‌്ഫോമിനായി ഓയിൽ ഡിപ്പോയുടെ ലൈൻ മാറ്റാൻ റെയിൽവേ  നിർദേശം നൽകിയിട്ടുണ്ട‌്.
ആവശ്യത്തിന് സ്ഥലം ഈ ഭാഗത്ത് റെയിൽവേക്കുണ്ട്. വാഹനങ്ങളിൽ വരുന്നവർക്ക‌് നേരിട്ട‌്  പ്ലാറ്റ‌്ഫോമിലേക്ക‌് വന്നിറങ്ങാനുള്ള കവാടംകൂടി ആ ഭാഗത്ത‌് വികസിപ്പിക്കാം. വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ അടിയന്തരാവശ്യമാണ‌്. പിപിപി വ്യവസ്ഥയിൽ വിമാനത്താവള പാത നിർമിക്കാൻ  കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട‌്.  പാതയുടെ രണ്ട് ഘട്ട സർവേ ഇതിനകം നടന്നു.  കണ്ണൂർ സൗത്തിൽനിന്നായിരുന്നു സർവെ.  ട്രാഫിക് സർവെയും സാമ്പത്തിക സർവെയുമാണ് ബാക്കിയുള്ളത്.
അഴീക്കൽ തുറമുഖവും വികസനപാതയിലാണ‌്. 2020തോടെ  കൂടുതൽ വികസനലക്ഷ്യവുമായാണ‌് അഴീക്കൽ മുന്നോട്ടുപോകുന്നത‌്.  അവിടേക്കും റെയിൽപാത  അത്യാവശ്യമാകും. ഇതിന‌്  നേരത്തെ പഠനം നടന്നിരുന്നു. അഴീക്കലിൽനിന്ന് മാങ്ങാട്ടുപറമ്പിലേക്ക് പാത എന്ന ആശയവും ഉയർന്നുവന്നിട്ടുണ്ട്.   മാങ്ങാട്ടുപറമ്പിലെ വ്യവസായ സാധ്യത, ഫ്രൈറ്റ‌് സ‌്റ്റേഷൻ എന്നിവയാണ‌് ഇങ്ങനെയൊരു പാതക്കുള്ള സാധ്യതയായി ചൂണ്ടിക്കാട്ടുന്നത‌്.  ചരക്ക് നീക്കം വർധിപ്പിച്ചാൽ സാമ്പത്തികമായി കൂടുതൽ ആനുകൂല്യം നൽകാമെന്നാണ് റെയിൽവേ ഉന്നതർ അറിയിച്ചത്.
പകരം റെയിൽവേ  കൂടുതൽ മുതൽ മുടക്കി സൗകര്യങ്ങളുണ്ടാക്കിയാലേ യാത്രക്കാരുടെ എണ്ണവും ചരക്ക‌് വർധനയുമുണ്ടാവൂ.  നിരവധി ഹ്രസ്വ– ദീർഘവണ്ടികൾ ഇതു വഴി കടന്നുപോകുന്നുണ്ടെങ്കിലും  ചിലസമയത്ത‌്  മണിക്കൂറുകളോളം ട്രെയിനുകൾ ഇല്ല എന്നതാണ‌് മറ്റൊരു പ്രശ‌്നം. ഹ്രസ്വദൂരയാത്രക്ക‌ായി മെമു സർവീസ‌് ആരംഭിക്കുമെന്ന‌് പറയുന്നുണ്ടെങ്കിലും അതുകടലാസിൽ മാത്രമാണ‌്. ഒന്നാം പ്ലാറ്റ‌്ഫോമിൽനിന്ന‌് രണ്ടിലേക്ക‌ുള്ള സബ‌്വേ നിർമാണം  പൂർത്തിയായി.  ഭാവിവികസനംകൂടി കണ്ടു ഇരുഭാഗത്തും പുറത്തേക്ക‌് സബ‌് വേ നീട്ടിയാൽ പ്രധാനപ്പെട്ട രണ്ട‌് പ്ലാറ്റ‌്ഫോമിലുണ്ടാവാനിടയുള്ള തിരക്ക‌് ഒഴിവാക്കാം.
പാർക്കിങ്ങ‌ിന‌്  വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും  ടാക‌്സികൾ, ഒാട്ടോ,  മറ്റ‌്പൊതുവാഹനങ്ങൾ, സ്വകാര്യവാഹനങ്ങൾ എന്നിവ നിർത്താൻ കൃത്യമായ ക്രമീകരണം ആവശ്യമാണ‌്. വിനോദസഞ്ചാര സൗഹൃദമായ പെരുമാറ്റം പൊതുവാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക‌് പുതിയ സാഹചര്യത്തിൽ അത്യാവശ്യമാണ‌്.  കണ്ണൂരിൽ എത്തുന്നവർക്ക‌് ആവശ്യമായ വിവരങ്ങൾ നൽകാനും പ്രധാന കേന്ദ്രങ്ങളെകുറിച്ചു അറിവുപകരാനും കഴിയുന്ന രീതിയിൽ  പരിശീലനവും നൽകണം.
error: Content is protected !!