ശബരിമല സ്ത്രീ പ്രവേശനം: വിശദീകരണയോഗങ്ങളുമായി ഇടതുമുന്നണി

ശബരിമല വിഷയത്തില്‍ പ്രതിരോധം ശക്തമാക്കാനുള്ള പ്രചരണ പരിപാടികള്‍ ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും. ജില്ലകളില്‍ പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം പുത്തരിക്കണ്ടത്തെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

ശബരിമല സ്ത്രീ പ്രവേശനം പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാന്‍ ഇടത് മുന്നണി തീരുമാനിച്ചത്. സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ മുന്നണി ഒറ്റക്കെട്ടായി തന്നെ രംഗത്തിറങ്ങും. ഇന്നു ചേരുന്ന മുന്നണി നേതൃയോഗം വിപുലമായ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കും. പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലകളില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനാണ് ധാരണ. യോഗങ്ങളില്‍ പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കും.

16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുന്നണി നേതാക്കള്‍ പങ്കെടുക്കും. 25,000 സ്ത്രീകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 50,000 പേരെ യോഗത്തിനെത്തിക്കണമെന്ന നിര്‍ദേശമാണ് മുന്നണി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരല്ല, കോടതിയാണ് ഇത്തരമൊരു വിധിക്കു പിന്നിലെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി തീരുകയായിരുന്നെന്നുമാകും നേതാക്കള്‍ യോഗങ്ങളില്‍ വിശദീകരിക്കുക. വിധിയെ ആദ്യം അനുകൂലിച്ച കോണ്‍ഗ്രസിന്റെയും ആര്‍.എസ്.എസിന്റെയും നിലപാടുകളെയും തുറന്നു കാട്ടും.

സി.പി.എമ്മും അതിന്റെ സംഘടനാശേഷി പൂര്‍ണമായി വിനിയോഗിച്ച് സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാണ് ആലോചിക്കുന്നത്. പിന്നാക്ക സമുദായ സംഘടനകളെ ഒപ്പം നിര്‍ത്തി എന്‍.എസ്.എസിന്റെയും യോഗക്ഷേമ സഭയുടെയും എതിര്‍പ്പിനെ മറികടക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.
error: Content is protected !!