വീണ്ടും അതിശയിപ്പിക്കുന്ന ഓഫറുമായി ജിയോ

രാജ്യത്തെ ടെലികോം രംഗത്ത് മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്ന ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസായ ജിയോ ജിഗാ ഫൈബറിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രാജ്യത്തെ എല്ലാ സര്‍ക്കിളുകളില്‍ നിന്നുള്ളവര്‍ക്കും ബുക്കിംഗ് നടത്താം. മൊബൈല്‍ നമ്പറില്‍ ഒടിപി വഴി വെരിഫൈ ചെയ്താണ് ബുക്കിങ് സ്വീകരിക്കുന്നത്.

1100 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ‘ജിഗാഫൈബര്‍’ ലഭ്യമാകുക. 2.5 ലക്ഷം കോടി രൂപ ഇതിനകം ബ്രോഡ്ബാന്‍ഡ് ശൃംഖല മെച്ചപ്പെടുത്താന്‍ കമ്പനി നിക്ഷേപിച്ചതായി മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജിയോയുടെ ജിഗാഫൈബര്‍ കേരളത്തില്‍ ആദ്യഘട്ടത്തില്‍ 288 സ്ഥലങ്ങളിലാണ് ലഭ്യമാവുക. ഇതില്‍ 72 ഇടങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്സി) സംവിധാനം തയ്യാറായിക്കഴിഞ്ഞു. കൊച്ചിയില്‍ 40 പേര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ജിയോ ജിഗാഫൈബറിലൂടെ വീടുകളില്‍ അള്‍ട്രാ എച്ച്ഡി വ്യക്തതയില്‍ ടെലിവിഷനിലൂടെ വിനോദപരിപാടികള്‍, വിഡിയോ കോള്‍, വോയ്സ് ആക്റ്റിവേറ്റഡ് വെര്‍ച്വല്‍ അസിസ്റ്റന്റ് തുടങ്ങിയവ സാധ്യമാകും.

ഫൈബര്‍ വീട്ടിലെത്തിച്ച് ജിയോ റൗട്ടറില്‍ ഘടിപ്പിക്കും. അതില്‍നിന്നു ടിവിക്കുള്ള സെറ്റ്ടോപ് ബോക്സിലേക്കും കണക്ഷന്‍. റൗട്ടറില്‍നിന്ന് വൈഫൈയിലൂടെയാണു മറ്റ് ഉപകരണങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കുക. ജിയോ ടിവി ചാനലുകളാണു ടെലിവിഷനിലൂടെ കാണാനാകുക. ഇതിനുപുറമെ സ്ട്രീമിങ്ങും ഡൗണ്‍ലോഡും സാധ്യമാണ്.

4500 രൂപ റീഫണ്ടബിള്‍ നിക്ഷേപമാണ് കണക്ഷന് ഈടാക്കുകയെന്നാണു സൂചന. 500 രൂപയിലാണ് പ്ലാന്‍ തുടങ്ങുന്നതെന്നാണ് വിവരം. ഈ പ്ലാന്‍ പ്രകാരം 30 ദിവസത്തേയ്ക്ക് 50 എംബിപിഎസ് വേഗത്തില്‍ 300 ജി.ബി ഡാറ്റ ഉപയോഗിക്കാം. 750 രൂപ, 999 രൂപ, 1299 രൂപ, 1,500 രൂപ എന്നിങ്ങിനെയും പ്ലാനുകളുണ്ട്. എല്ലാ പ്ലാനുകളുടെയും കാലാവധി 30 ദിവസമാണ്. ഓഫര്‍ ചെയ്യുന്ന പരമാവധി വേഗം 1 ജിബിപിഎസ് ആണ്. നിശ്ചിത പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാനാകും. അടുത്ത ദീപാവലിക്ക് മുൻപ് രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ജിഗാഫൈബർ എത്തുമെന്നാണ് അറിയുന്നത്.

error: Content is protected !!